തിരുവനന്തപുരം: ആരോഗ്യസർവകലാശാലയുടെ ഉത്തരവിന് വിരുദ്ധമായി ഇന്റേൺഷിപ് കാലയളവിലെ ഫീസ് അടക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ നിർദേശത്തിൽ വലഞ്ഞ് വിദ്യാർഥികൾ. കോഴ്സ് പൂർത്തിയശേഷം ‘നോ ഡ്യൂ’ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച ബി.എസ്.സി ഡയാലിസിസ് ടെക്നോളജി 2020 ബാച്ചിലെ ഒരുകൂട്ടം വിദ്യാർഥികളാണ് ഈ നിർദേശത്തിൽ വലയുന്നത്. ഇത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമുള്ള നിബന്ധനയാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാർഥികൾ ഫീസ് അടക്കേണ്ടത് മൂന്നുവർഷത്തെ കോഴ്സ് കാലാവധിയിൽ മാത്രമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ് കാലയളവിൽ ഫീസ് അടക്കേണ്ടതില്ലെന്നും ആരോഗ്യസർവകലാശാല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്രകാരമാണ് ‘നോ ഡ്യൂ’ സർട്ടിഫിക്കറ്റിനായി ബി.എസ്.സി ഡയാലിസിസ് കോഴ്സ് വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയാണ്.
ഇന്റേൺഷിപ് കാലത്തേക്കുമുള്ള ഫീസ് അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുകയുള്ളൂവെന്നാണ് അവർ പറയുന്നത്. അതേസമയം മൂന്നുവർഷത്തെയും കോഴ്സ് ഫീസ് മുഴുവനും ഇവർ ഒടുക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ ഓഫിസിലെ കടുംപിടിത്തം നീണ്ടതോടെ വിദ്യാർഥികൾ ആരോഗ്യ സർവകലാശാലയെ സമീപിച്ചു. അപ്പോഴും ഇന്റേൺഷിപ് കാലയളവിലെ ഫീസ് ആവശ്യമല്ലെന്നാണ് അവർ അറിയിച്ചത്. മാത്രമല്ല, ഇതേ 2020 ബാച്ചിലുള്ള മറ്റ് ഗവ. മെഡിക്കൽ കോളജുകളായ ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ പഠിച്ച വിദ്യാർഥികൾക്ക് ഇന്റേൺഷിപ് സമയത്ത് ഫീസ് അടച്ചിട്ടില്ലെന്നും അവർക്ക് ‘നോ ഡ്യൂ’ സർട്ടിഫിക്കറ്റ് ലഭിച്ചതായും വിവരമുണ്ട്.
ഇന്റേൺഷിപ് കാലയളവിൽ വിദ്യാർഥികൾ സ്ഥിരം ജീവനക്കാരെ പോലെയാണ് ജോലിനോക്കുന്നത്. 12 മണിക്കൂർ വീതമുള്ള നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടികളിലും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇവർക്ക് ഡ്യൂട്ടിയുണ്ട്. സാധാരണ ഇത്തരം ജോലി ചെയ്യുന്നവർക്ക് അനുവദിക്കുന്ന സ്റ്റൈപ്പന്റ് പോലും ഇവർക്ക് അനുവദിച്ചില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.
പഠനസമയത്ത് സേവനം നൽകിയ ഇന്റേൺഷിപ് കാലയളവിൽ ഫീസ് അടക്കാൻ ആവശ്യപ്പെടുന്നത് നീതിപൂർവമല്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ‘നോ ഡ്യൂ’ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ തുടർ വിദ്യാഭ്യാസത്തിനും മറ്റും മറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കൂവെന്നും അതിനാൽ ആവശ്യമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.