വിഴിഞ്ഞം: ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം മാനിച്ച് ക്ഷോഭിച്ച കടലിൽ രക്ഷാപ്രവർത്തനത്തിനിറക്കിയ ‘പ്രതീക്ഷ’യെന്ന മറൈൻ ആംബുലൻസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി. എൻജിന്റെ പ്രവർത്തനംനിലച്ച് നിയന്ത്രണംതെറ്റി തിരയടിയിൽ ആടിയുലഞ്ഞു. അപകടാവസ്ഥയിലായ ആംബുലൻസിൽനിന്നുള്ള ഒമ്പതുപേരെ വിഴിഞ്ഞം പോർട്ടിലെ ടഗ്ഗ് ഉപയോഗിച്ച് രക്ഷിച്ചു. ക്യാപ്റ്റൻ വാൽത്യൂസ് ശബരിയാരുടെ രക്തസമ്മർദ്ദം കൂടിയതോടെ പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വന്നു.
വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. തീരത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ കാണാതായ രണ്ടുപേരെ തിരക്കിയാണ് ഒരു മെയിൽ നഴ്സും ലൈഫ് ഗാർഡുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒമ്പതംഗ സംഘം മറൈൻ ആംബുലൻസിൽ പുറപ്പെട്ടത്. വിഴിഞ്ഞത്തിനും മൂന്ന് കിലോമീറ്റർ മാറി അടിമലത്തുറയിലെത്തിയ ആംബുലൻസിലെ രണ്ട് എൻജിനും പ്രവർത്തനംനിലച്ചു.
അതോടെ നിയന്ത്രണംതെറ്റിയ ബോട്ട് ശക്തമായ തിരയടിയിൽപ്പെട്ട് ആടിയുലഞ്ഞ് അപകടാവസ്ഥയിലായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കണ്ട ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു. എട്ട് മീറ്റർ വരെ ഉയരത്തിൽ വീശിയടിക്കുന്നതിരയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പോർട്ട് അധികൃതരുടെ അടിയന്തര സഹായം തേടി. വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ‘പ്രതീക്ഷ’യെ സുരക്ഷിതമായി പോർട്ട് ബെർത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.