തിരുവനന്തപുരം: കമലേശ്വരം-കല്ലാട്ടുമുക്ക് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരും പ്രദേശവാസികളും ദുരിതത്തിൽ. ഈ ഭാഗത്തെ കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താതെ വന്നതോടെ വരുമാനം നിലച്ച സ്ഥിതിയിലായി. നിർമാണ പ്രവർത്തനത്തിന്റെ പേരിൽ റോഡ് കുത്തിപ്പൊളിച്ചതിനാൽ ഇതു വഴി കടന്നുപോകുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടുന്നതും പതിവായി.
റോഡ് വൺവേ ആക്കിയതോടെ ബസിനെ ആശ്രയിക്കുന്നവർ മടങ്ങി പോകാൻ കിലോമീറ്ററുകൾ നടന്ന് ബൈപാസിലെത്തണം. വെള്ളക്കെട്ടിന് പരിഹാരം തേടി നാട്ടുകാർ നിരന്തരം നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് റോഡ് നിർമിക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചായിരുന്നു പരിഹാരം തീരുമാനിച്ചത്.
നിർമാണം ആരംഭിച്ചതോടെ ഒച്ചിഴയും വേഗത്തിലായി. ബി.എം.ആൻഡ് ബി.സി രീതിയിൽ 4.250 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമാണം. രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിലവിൽ കല്ലാട്ടുമുക്കിൽ ഒരു കിലോമീറ്റർ നീളത്തിൽ ഓടനിർമാണത്തിനും റോഡ് ടാറിടാനും എട്ടു കോടിയാണ് കരാർ. ഇത് കൂടാതെ 3.320 കിലോമീറ്റർ നവീകരണത്തിന് നാലുകോടിയുടെ പുതിയ കരാറും വിളിച്ചു.
മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും ആരും പണി എടുത്തില്ല. നിലവിൽ ഇവിടെ ഓട നവീകരണം നടത്തുന്ന കരാറുകാരനാണ് റോഡ് ടാറിങ്ങിന്റെയും ചുമതല. പത്തുവർഷം മുമ്പാണ് ഇവിടെ അവസാനമായി റോഡ് ടാർ ചെയ്തത്. കേരള സ്റ്റേറ്റ് അർബൻ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായിരുന്നു അന്നത്തെ ടാറിങ്. പിന്നീട് വെള്ളക്കെട്ടിന് പരിഹാരം തേടി 25 ലക്ഷം രൂപ ചെലവഴിച്ചുവെങ്കിലും വെറുതെയായി. മേയ് അവസാനം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. നിലവിലെ സ്ഥിതിയിൽ ഇനിയും മാസങ്ങളെടുക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.