പാപനാശം തീരത്ത് ദ്രവിച്ചടർന്ന നടപ്പാലത്തിൽ അപകട മുന്നറിയിപ്പായി ചുവന്ന റിബൺ കെട്ടിയിരിക്കുന്നു
വര്‍ക്കല: പാപനാശം തീരത്തെ ഇരുമ്പ് നടപ്പാലം വീണ്ടും തുരുമ്പിച്ച് അപകടക്കെണിയായി. ടൂറിസ്റ്റുകളും പ്രദേശവാസികളും അപ്പുറമിപ്പുറം കടക്കുന്നത് പേടിയോടെ. നാളുകളേറെയായിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. കടല്‍ക്കാറ്റേറ്റ് കൈവരികൾ ഉൾപ്പെടെയുള്ള പലഭാഗങ്ങളും തുരുമ്പിച്ചാണ് നടപ്പാലം അപകടാവസ്ഥയിലായത്. ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് അടർന്ന് ദ്വാരങ്ങള്‍ വീണ നിലയിലാണ്. ഇത് നാൾക്കുനാൾ വർധിക്കുകയാണ്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തജനങ്ങളും നാട്ടുകാരും ഉപയോഗിക്കുന്ന പാലമാണിത്. ഒരു വശത്തെ കൈവരി തുരുമ്പിച്ച് അടർന്ന് തോട്ടിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ്.
ഇക്കഴിഞ്ഞ കര്‍ക്കടകവാവിന് തൊട്ടുമുമ്പ് പുതിയ കൈവരികൾ സ്ഥാപിച്ച് താൽക്കാലികമായി അപകടാവസ്ഥ ഒഴിവാക്കിയിരുന്നു. എന്നാൽ ഏഴുമാസങ്ങള്‍ക്കിപ്പുറം പാലം വീണ്ടും ദ്രവിച്ച് പലയിടങ്ങളും അടർന്ന നിലയിലായി. ഗുണനിലവാരം ഉറപ്പാക്കാത്ത അറ്റകുറ്റപ്പണികളാണ് കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വർക്കല ക്ഷേത്രക്കുളത്തിൽ നിന്നുള്ള മലിനജലം കൈത്തോട്ടിലൂടെ ഒഴുകി പാപനാശം തീരത്തെത്തി ഈ നാടപ്പാലത്തിന് അടിയിലൂടെയാണ് കടലില്‍ ചേരുന്നത്. ഈ തോടിന് കുറുകെയാണ് ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും അപ്പുറമിപ്പുറം കടന്നുപോകാനായി പാലം നിര്‍മിച്ചിട്ടുള്ളത്. പാപനാശം തീരത്തേക്ക് തോട് പ്രവേശിക്കുന്ന ഭാഗത്ത് ടൂറിസം വകുപ്പാണ് ഇരുമ്പുപാലം നിര്‍മിച്ചത്.
മലിനജലം നിറഞ്ഞ കൈത്തോട്ടിലിറങ്ങാതെ ആളുകൾക്ക് കടന്നുപോകാനുള്ള ഏക മാര്‍ഗവും ഈ കൊച്ച് നടപ്പാലമാണ്. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് ആളുകളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. പണ്ട് തെങ്ങിൻ തടികൾ തോട്ടിന് കുറുകെയിട്ട് അതിന് മുകളിലൂടെയായിരുന്നു സാഹസികമായി ആളുകൾ നടന്നുപോയിരുന്നത്. പിന്നീടാണ് അടിയിൽ തെങ്ങിൻതടികൾ നിരത്തി മുകളിൽ പ്ലൈവുഡ് നിരത്തിയിട്ട പാലമാണുണ്ടാക്കിയത്. സുരക്ഷയോ ആയുസ്സോ കണക്കാക്കാതെതന്നെയാണ് അധികൃതർ പൊതുപണം പാഴാക്കിയത്. ഇപാലത്തിൽ വിരിച്ചിട്ടുള്ള ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ചുണ്ടായ ഈ ദ്വാരങ്ങളിൽ യാത്രക്കാരുടെ കാലുകൾ കുരുങ്ങി മുറിവേല്ക്കാനും സാധ്യതയുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളംപേര്‍ പാപനാശത്ത് എത്തുന്നുണ്ട്. ഹെലിപ്പാഡ് ഭാഗത്തേക്കുള്ള വഴിയിലേക്ക് ഈ നടപ്പാലത്തിലൂടെയാണ് പോകേണ്ടത്. രാത്രികാലങ്ങളിൽ പാലത്തിലൂടെ സഞ്ചരിക്കുന്ന സ്ഥലപരിചയമില്ലാത്തവർ ഭീഷണിയിലാണ്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ വടക്കേ ക്ലിഫിലെ അടിവാരത്തുള്ള നീരുറവകളില്‍ കുളിക്കാനും ഇതുവഴി കടന്നുപോകുന്നുണ്ട്.
ദ്വാരം വീണ ഭാഗങ്ങളില്‍ സമീപത്തെ റിസോര്ട്ടുകാര് പൂച്ചെട്ടികള്‍ വെച്ചും ചുവന്ന റിബൺ കെട്ടിയും നൽകിയിട്ടുള്ള മുന്നറിപ്പ് പര്യാപ്തമല്ല. അധികൃതര്‍ ഉപ്പുകാറ്റിനെ അതിജീവിക്കുന്ന സ്ഥായിയായ പരിഹാരമുണ്ടാക്കണമെന്നാണ് വിനോദസഞ്ചാരമേഖലയിലുള്ളവരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.