നേമം: ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേരെ പൂജപ്പുര പോലീസ് പിടികൂടി. തൃക്കണ്ണാപുരം ടി.സി 48/426 കൃപയില്‍ സഞ്ജിത്ത് (18), പുന്നയ്ക്കാമുകള്‍ തേലിഭാഗം റസി. അസോസിയേഷന്‍ പാറയംവിളാകത്ത് വീട്ടില്‍ അരുണ്‍ (18), പുന്നയ്ക്കാമുകള്‍ കൊങ്കുളം റസി. അസോസിയേഷന്‍ ടി.സി 51/2278 ബസീലിയന്‍ ഹൗസില്‍ വാടകക്ക് താമസിക്കുന്ന അലന്‍ അബി (18), മലയിന്‍കീഴ് കുന്നുവിള രാജദീപം ഓഡിറ്റോറിയത്തിനു സമീപം ഗൗരി നന്ദനം വീട്ടില്‍ ഗൗരി ശങ്കര്‍ (21) എന്നിവരാണ് പിടിയിലായത്.
നെട്ടയം കാച്ചാണി തേജസ് നഗര്‍ പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസ് (23), കാച്ചാണി സ്വദേശി സെയ്ദ് മുഹമ്മദ് (22) എന്നിവരെയാണ് അഞ്ചംഗസംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്നു യുവാക്കള്‍. റോട്ടറി ജംഗ്ഷനില്‍ പ്രതികള്‍ കൂട്ടംകൂടി നില്‍ക്കുന്നതു കണ്ടപ്പോള്‍ അപകടമായിരിക്കുമെന്നു കരുതി. എന്തിനാണ് നില്‍ക്കുന്നതെന്ന് ചോദിച്ചു. ഇതു പ്രതികളെ പ്രകോപിപ്പിച്ചു. പ്രതികള്‍ യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. നാലുപേര്‍ കമ്പുകളും ഹെല്‍മെറ്റുകളും ഉപയോഗിച്ച് യുവാക്കളെ അടിച്ചു. അഞ്ചാമന്‍ അരയില്‍ തിരുകിയിരുന്ന കത്തിയെടുത്ത് യുവാക്കളെ മുതുകില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രതികള്‍ പൂജപ്പുര മണ്ഡപത്തിനു സമീപത്തെ ജയന്റ് വീലില്‍ ഫ്രീയായി കയറണമെന്നു വാശിപിടിക്കുകയും ഇതിന് അനുവദിക്കാത്തതില്‍ അവിടെയുണ്ടായിരുന്നവരുമായി അടിപിടിയുണ്ടാക്കുകയും ചെയ്തതിന് സ്റ്റേഷനില്‍ പരാതി വന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നത്. യുവാക്കളെ കുത്തിയ വിളവൂര്‍ക്കല്‍ സ്വദേശി എബിന്‍ ഒളിവിലാണ്. ഇയാള്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ കൊലപാതകശ്രമക്കേസിലെ പ്രതിയുമാണ്. സി.ഐ പി. ഷാജിമോന്‍, എസ്.ഐ അഭിജിത്ത്, സി.പി.ഒമാരായ മനോജ്, അനുരാഗ്, ഉണ്ണികൃഷ്ണന്‍, അരുണ്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.