ബീമാപള്ളി ബൂത്തിൽ വോട്ട് ചെയ്ത ആസിഫും ഹാത്തിമും
തിരുവനന്തപുരം: കന്നിവോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിൽ വ്യത്യസ്ത മനസ്ഥിതി. ബീമാപള്ളി ബൂത്തിലെത്തിയ കന്നിവോട്ടർമാരിൽ ഒരാൾക്ക് വോട്ട് ചെയ്യുന്നതിൽ കൗതുകവും ആകാംക്ഷയും. മറ്റൊരാളുടെ പ്രതികരണം അവധി ലഭിച്ചതിനാൽ വോട്ട് ചെയ്യാമെന്ന് വച്ചു അത്രേയുള്ളൂ എന്നായിരുന്നു.
എന്താണ് സംഗതിയെന്നറിയാനുള്ള ആകാംക്ഷയായിരുന്നു തനിക്കെന്ന് ആസിഫ് പറഞ്ഞു. എങ്ങിനെയാണ് വോട്ട് ചെയ്യുന്നത്, എന്തൊക്കെയാണ് പോളിങ് ബൂത്തിലെ സംവിധാനങ്ങൾ എന്നൊക്കെ അറിയാനുള്ള കൗതുകമായിരുന്നു മനസ് നിറയെ. തന്റെ മിക്ക സുഹൃത്തുക്കളും ഇതേ ജിജ്ഞാസ പുലർത്തുന്നവരാണെന്നും അവരൊക്കെ വോട്ട് ചെയ്തെന്ന് മെസേജിട്ടെന്നും ആസിഫ് പറഞ്ഞു. ഡിഗ്രി പഠനംകഴിഞ്ഞ് പി.എസ്.സി കോച്ചിങ് ക്ലാസിന് പോകുകയാണ് ആസിഫ്.
അതേസമയം ഇവിടെ ആദ്യമായി വോട്ടിടാനെത്തിയ മുഹമ്മദ് ഹാത്തിമിന്റെ പ്രതികരണം തനിക്ക് അത്ര വലിയ താൽപര്യമൊന്നുമില്ല എന്ന നിലയിലായിരുന്നു. എന്നിരുന്നാലും ആദ്യമായി വോട്ടിടുന്നതിൽ കൗതുകമുണ്ടായിരുന്നെന്നും ഹാത്തിം പറഞ്ഞു. ജനറൽ ആശുപത്രിയിൽ കാർഡിയോ ഫിസിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ് മുഹമ്മദ് ഹാത്തിം. പുതുതലമുറ വോട്ട് ചെയ്യുന്നതിനോട് വിമുഖത കാട്ടുന്നെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിലയിരുത്തൽ. അതിനാൽ അവരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വിപുലമായ പരിപാടികളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ കമീഷൻ ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.