സോഷ്യൽ ഫോറസ്ട്രിയിലെ തുക വകമാറ്റൽ; തുടർനടപടി ഇഴയുന്നു

തിരുവനന്തപുരം: മുറിച്ചുമാറ്റിയ മരങ്ങൾക്ക്പകരമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സോഷ്യൽ ഫോറസ്ട്രി തിരുവനന്തപുരം ഡിവിഷന് നൽകിയതുക വകമാറ്റിയത് സംബന്ധിച്ച ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിന്മേൽ തുടർനടപടി ഇഴയുന്നു. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റിയ മരങ്ങൾക്കുപകരമായി വനേതര പ്രദേശങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ അദാനി ഇന്റർനാഷനൽ സീപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് അടച്ച തുകയിൽനിന്നാണ് വകമാറ്റിയത്. ഓഫിസിന്റെ ഭരണപരമായ ആവശ്യങ്ങൾക്കും മറ്റുപദ്ധതികൾക്കും ചെലവഴിച്ചതായാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട്.

സോഷ്യൽ ഫോറസ്ട്രിക്ക് അദാനി സീപോർട്ട് ആകെ 2.55 കോടി രൂപയാണ് നൽകിയത്. കഴക്കൂട്ടം സൈനിക സ്‌കൂൾ കാമ്പസ്, കാര്യവട്ടം സർവകലാശാല കാമ്പസ്, മുട്ടത്തറ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് മേഖല, പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷൻ എന്നിവിടങ്ങളിൽ മരത്തൈകൾ നട്ടു. ഇതിനായി 1.56 കോടി രൂപ ചെലവായി.

6.34 ലക്ഷം രൂപ ഓഫിസിലെ മറ്റു ആവശ്യങ്ങൾക്കായി ക്രമരഹിതമായി വകമാറ്റി ചെല വഴിച്ചതായും സാമ്പത്തിക നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ രേഖപ്പെ ടുത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് വഴി ചെലവഴിക്കേണ്ട പെന്റിങ് ബില്ലുകൾ തീർപ്പാക്കൽ, ഓഫിസ് ആവശ്യത്തിന് ഫർണിച്ചർ വാങ്ങൽ, ഔദ്യോഗിക വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവർമാരുടെ ശമ്പളം തുടങ്ങി 28 ഇനങ്ങളിലാണ് പണം വകമാറ്റിയത്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി രണ്ടുഘട്ടങ്ങളിലായി ആകെ 8230 മരങ്ങൾ മുറിക്കാനാണ് സോഷ്യൽ ഫോറസ്ട്രി അനുമതി നൽകിയത്. ഇതിനുപകരം 40,040 മരങ്ങൾ നട്ടുപിടിപ്പിച്ചതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കഴക്കൂട്ടം സൈനിക സ്‌കൂൾ കാമ്പസിൽ 10 ഹെക്ട‌റിലാണ് മരംനട്ടത്. ഇതിനായി 71.32 ലക്ഷം രൂപ ചെലവായി. പരിപാലനം ഇല്ലാത്തതിനാൽ ഫലപ്രദമായില്ലെന്നും സ്ഥലത്തെ അക്കേഷ്യമരങ്ങൾ നീക്കം ചെയ്യാത്തതിനാൽ തൈകൾക്ക് ശരിയായ വളർച്ച ഉണ്ടായില്ലെന്നും പരിശോധന സംഘത്തിന് ബോധ്യമായി. പാലോട് റേഞ്ചിൽ അക്കേഷ്യമരങ്ങൾ വെട്ടിമാറ്റിയാണ് 10 ഹെക്ടറിൽ 17.98 ലക്ഷം രൂപ ചെലവഴിച്ച് മരത്തൈകൾ നട്ടത്.

2025 ജൂണിലാണ് വൃക്ഷ ത്തൈകൾ നട്ടത്. ഫണ്ട് ഉപയോഗിച്ച് നട്ടുപിടിപ്പിച്ച മുഴുവൻ വൃക്ഷത്തൈകളും ജിയോടാഗ് ചെയ്യണമെന്നും അനുവദനീയമായതിൽ കുറവ് തൈകൾ നശിച്ചുപോയാൽ വീണ്ടും നടണമെന്നും പരിപാലനം വിഡിയോ റിക്കോർഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

2019 മുതൽ 2025 ഫെബ്രുവരി വരെയാണ് ഇത്തരത്തിൽ പണം ചെലവഴിച്ചത്. തുക വകമാറ്റി ഓഫിസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് അസി. ഫോറസ്റ്റ് കൺസർവേറ്ററിൽനിന്ന് വിശദീകരണം തേടി. ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും ചെലവഴിച്ച തുക തിരിച്ചടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 2015 മേയ് മുതൽ നവംബർവരെ നാലംഗ ഉദ്യോഗസ്ഥസംഘം പരിശോധനകൾ നടത്തിയത്. എന്നാൽ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ ഇപ്പോഴും ഇഴയുകയാണ്.

Tags:    
News Summary - Transfer of funds in social forestry; further action is dragging on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.