തിരുവനന്തപുരം: പരമ്പരാഗത പൊലീസ് പുനഃസംഘടിപ്പിക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം. തിരുവനന്തപുരത്ത് നടക്കുന്ന 35ാം സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയത്തിലാണ് സർക്കാർ അനുകൂല ഭരണസമിതി പൊലീസിലെ അംഗബലത്തിലെ കുറവ് ചൂണ്ടിക്കാട്ടിയുള്ള പ്രമേയം പാസാക്കിയത്. കേരള പൊലീസ് ഇന്നും പരമ്പരാഗത ഘടനയിലാണെന്നും ആധുനിക കാലഘട്ടത്തിനനുസരിച്ച പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
2010ൽ ആംഡ് റിസർവ് കേഡറിനേയും ലോക്കൽ പൊലീസ് കേഡറിനേയും ഇന്റഗ്രേറ്റ് ചെയ്ത് കേരള സിവിൽ പൊലീസ് കേഡർ രൂപവത്കരിച്ചിട്ടും മുൻകാലങ്ങളിലെ എ.ആർ ക്യാമ്പുകളിലെ അതേ സംഘബലം തുടരുന്നത് തിരുത്തണം. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലെ ജില്ല പൊലീസ് ഹെഡ്ക്വാർട്ടേഴ്സുകളിലായി ഒമ്പതിനായിരത്തിലേറെ തസ്തികകളാണുള്ളത്.
ഇതിന് പകരം കേരള സിവിൽ പൊലീസ് കേഡറിൽ നിന്ന് ഒരു ജില്ലക്ക് ശരാശരി 50 പേർ വീതം ആകെ ആയിരം പൊലീസ് ഉദ്യോഗസ്ഥരായി പുനഃസംഘടിപ്പിക്കണം. ബാക്കി എണ്ണായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ പുനർവിന്യാസത്തിലൂടെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
പൊലീസ് സ്റ്റേഷനുകളെ ക്രമസമാധാനം, ഇൻവെസ്റ്റിഗേഷൻ, സ്റ്റേഷൻ അഡ്മിനിസ്ട്രേഷൻ, സോഷ്യൽ പൊലീസിങ് എന്നീ നാല് വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗവും ഓരോ സബ് ഇൻസ്പെക്ടറുടെ കീഴിലും ആകെ നിയന്ത്രിക്കാൻ എസ്.എച്ച്.ഒയും വേണം. ഓരോ സ്റ്റേഷനിലും ഏത് വിഭാഗത്തിലാണ് ഒഴിവ് എന്നതിനനുസരിച്ചായിരിക്കണം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. കൊല്ലം സിറ്റി, കൊല്ലം റൂറൽ, തൃശൂർ സിറ്റി, തൃശൂർ റൂറൽ എന്നീ ജില്ലകളിൽ നിലവിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി തസ്തികയില്ല. വിവിധ ബറ്റാലിയനുകളിലായി ഏഴായിരത്തോളം പൊലീസുകാരുണ്ട്.
ഇത് പകുതിയാക്കി സ്റ്റേഷനുകളിലേക്ക് വ്യന്യസിക്കണം. കോടതി നടപടികൾ വിഡിയോ കോൺഫറൻസ് വഴിയാക്കിയാൽ പ്രതികൾക്ക് എസ്കോർട്ട് പോകുന്ന പൊലീസുകാരെ മറ്റ് ജോലിക്ക് ഉപയോഗിക്കാം. ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളും പുനഃസംഘടിപ്പിക്കാനുള്ള നിർദേശങ്ങളും പ്രമേയം മുന്നോട്ടുവെക്കുന്നു. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി.ആർ. ബിജു പ്രമേയം അവതരിപ്പിച്ചു. സമാപന സമ്മേളനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.