ചിറയിൻകീഴ്: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ കൈവിട്ട സമരവും ജീവനക്കാരുടെ നിസ്സഹകരണ സമരവും തീർത്ത പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾക്ക് അനുസൃതമായി മുതലപ്പൊഴിയിൽ മണൽനീക്കം പൂർണതോതിൽ ആരംഭിച്ചു.
ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ച് മണൽ പമ്പ് ചെയ്ത് മാറ്റിത്തുടങ്ങി. ഇതോടൊപ്പം മൂന്ന് ലോങ് ബൂം എക്സ്കവേറ്ററുകളും ഉപയോഗിക്കുന്നു. എക്സ്കവേറ്ററുകൾ പൊഴിമുഖത്ത് അടിഞ്ഞ മണൽ കോരിമാറ്റുന്നതിനാണ് ഉപയോഗിക്കുന്നത്. ചാനലിന്റെ വടക്ക് ചിതറിക്കിടക്കുന്ന ടെട്രാ പോഡുകൾ നീക്കംചെയ്യുന്നത് വ്യാഴാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനുള്ള യന്ത്രസാമഗ്രികൾ ലഭ്യമാക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമം ആരംഭിച്ചു. ഒരു ലോങ് ബൂം എക്സ്കവേറ്റർ കൂടി എത്തിക്കും. രണ്ടു ഡ്രഡ്ജറും ഒരേസമയം പ്രവർത്തിപ്പിച്ച് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ല കലക്ടറുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ സമരസമിതി ആവശ്യപ്പെട്ടിരുന്നു. കരാർ കാലാവധി കഴിഞ്ഞ, ചേറ്റുവ ഹാർബറിൽനിന്ന് എത്തിച്ച ഡ്രഡ്ജറിന്റെ കാലാവധി നീട്ടി പുതിയ വർക്ക് ഓർഡർ നൽകുന്നത് ചേറ്റുവ എം.എൽ.എയുമായി ചർച്ച നടത്തി മാത്രമേ തീരുമാനിക്കാൻ കഴിയൂ. എം.എൽ.എ അനുവദിച്ചാൽ കരാർ പുതുക്കി നൽകും.
എന്നാൽ, അവിടെ മണൽ അടിയുന്ന പ്രശ്നം നേരിടുന്നതിനാൽ അടിയന്തരമായി ലഭ്യമാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെടുന്നത്. ഈ വിഷയം ചർച്ചചെയ്ത് സമവായത്തിൽ എത്തേണ്ടതുണ്ട്. ഡ്രഡ്ജിങ് പുനരാരംഭിച്ചതിൽ സമരസമിതി ചെയർമാൻ ചാന്നാങ്കര സുലൈമാൻ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.