അവാർഡ് ജേതാക്കൾ അധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കുമൊപ്പം
തിരുവനന്തപുരം: ഏഴ് ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 13 അവാർഡുകൾ ഏറ്റുവാങ്ങി ഡോ. ഗോമതി ആരതി. അധ്യാപകരും രക്ഷാകർത്താക്കളും സഹപാഠികളുമെല്ലാം അക്ഷരാർഥത്തിൽ ഡോ. ആരതിയെ അഭിനന്ദനങ്ങൾ കൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് 2020, 2021 വർഷത്തെ പി.ടി.എ എൻഡോവ്മെന്റ് അവാർഡ് ദാനച്ചടങ്ങിലാണ് 2020 അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ ഡോ. ആരതി 13 അവാർഡുകൾ കരസ്ഥമാക്കിയത്. 44 എൻഡോവ്മെന്റ് അവാർഡുകളാണ് 2020ൽ ആകെ സമ്മാനിച്ചത്. 2021 വർഷം അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ 26 അവാർഡുകളും പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗത്തിൽ ആറു അവാർഡുകളും നൽകി. മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പഠന മികവിന് പി.ടി.എ വർഷങ്ങളായി എൻഡോവ്മെന്റ് അവാർഡുകൾ നൽകിവരുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം നടത്തുകയും അവാർഡ് നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബി.പി. രാജ്മോഹൻ, അഡ്വ. പി. രാജേന്ദ്രൻ, ജോളി ജോബ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ് സ്വാഗതവും പി.ടി.എ സെക്രട്ടറി ഡോ. കവിത രവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.