സ്റ്റാച്യൂവിലെ സ്പായിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു
തിരുവനന്തപുരം: നാടിനെ നടുക്കിയ തിരുവല്ല, മണ്ണാടിയിലെ സ്പാ സെന്ററിൽ നടന്ന ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾക്കെതിരെ നടപടിക്കൊരുങ്ങി കോർപറേഷൻ. ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്താൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും മേയർ വി.വി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞദിവസം നഗരത്തിലെ സ്പാ കേന്ദ്രത്തിൽ ജോലിക്കെത്തിയ പെൺകുട്ടിക്ക് മോശം അനുഭവം ഉണ്ടായെന്നും ഇതുസംബന്ധിച്ച് പരാതി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. 200ലധികം സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കൃത്യമായ കണക്കെടുക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. സ്പാ സെന്ററുകളിൽ അംഗീകൃത മസാജറും ഡോക്ടറും വേണമെന്നാണ് നിബന്ധന. എന്നാൽ, നഗരത്തിൽ പ്രവർത്തിക്കുന്ന സ്പാ സെന്ററുകളിൽ പലതിലും നിബന്ധന പാലിക്കുന്നില്ലെന്നും വിവരമുണ്ട്. പലതിലും ക്രോസ് മസാജിങ് ആണ് നടക്കുന്നത്.
നഗരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം അനധികൃത കേന്ദ്രങ്ങൾക്ക് ചില ഉന്നത പൊലീസ് ഉദ്യോസ്ഥരുടെയും മാഫിയകളുടെതടക്കം പിന്തുണയുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. കൂടാതെ ഇതിന്റെ മറവിൽ അനാശാസ്യപ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളും നടക്കുന്നു. ഒരു കാരണവശാലും ഇത് അനുവദിക്കാൻ കഴിയില്ല.
അതേസമയം, യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നത് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെ-സ്മാർട്ട് ആപ്ലിക്കേഷൻ മുഖേനെയാണ് സ്പാ ലൈസൻസിന് അതത് തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷിക്കേണ്ടത്.
അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് അനുവദിക്കുകയാണ് പതിവ്. എന്നാൽ, ഈ അപ്ലോഡ് ചെയ്യുന്ന യോഗ്യത സർട്ടിഫിക്കറ്റ് ആധികാരികമാണോ എന്നതാണ് വിഷയം. അത് പരിശോധിക്കാനുള്ള ചുമതല ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ്. അതാണ് വലിയ പ്രതിസന്ധി. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി സഹകരിച്ചാവും പരിശോധന എന്നാണ് മേയർ വ്യക്തമാക്കിയത്.
യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; സ്പാ കേന്ദ്രം അടച്ചുപൂട്ടി
തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ സ്പാ കേന്ദ്രങ്ങളിൽ ഞായറാഴ്ച ആരംഭിച്ച പരിശോധനയിൽ സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി. കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് ‘സ്പർശൻ വെൽനസ് സ്പാ’ അടച്ചുപൂട്ടിയത്. പൊലീസും എത്തിയിരുന്നു.
ശനിയാഴ്ച സ്പാ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് മേയർ വി.വി. രാജേഷ് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് 23കാരി മേയറെ വിളിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മേയർ പൊലീസിനെ വിവരം അറിയിച്ചു. സ്പർശൻ വെൽനസ് സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്നാണ് സ്പാ അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.