തിരുവനന്തപുരം: കോപറേഷൻ മേയർ ആര്യ രാജേന്ദ്രൻ യു.കെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ പോയി വാങ്ങിയ അവാർഡിനെ ചൊല്ലി വിവാദം കനക്കുന്നു. ഭരണപക്ഷമൊന്നാകെ അനുമോദന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോള്‍ ട്രോളുകളുമായാണ് എതിർപക്ഷം രംഗത്തെത്തിയത്.
ഇന്ത്യൻ സംഘടന യു.കെയിൽ വച്ച് നൽകിയ അവാർഡ് വാങ്ങാൻ സര്‍ക്കാര്‍ അനുമതിയോടെ കോർപറേഷൻ ചെലവിലായിരുന്നു മേയറുടെ യാത്ര. ഫീസ് കൊടുത്തുവാങ്ങുന്ന പുരസ്കാരങ്ങളുടെ പട്ടികയിൽപ്പെട്ടതാണ് മേയർക്ക് ലഭിച്ച അംഗീകാരമെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ദിവസമാണ് കോർപറേഷനിൽ നടത്തിയ സുസ്ഥിര വികസനങ്ങളുടെ പേരിൽ വേള്‍ഡ് ബുക്ക് ഒഫ് റെക്കോഡ്സിന്റെ സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസ് പുരസ്കാരം മേയർ യു.കെ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിലെത്തി സ്വീകരിച്ചത്. ഇന്ത്യാക്കാരന് സ്ഥാപക പ്രസിഡന്റും സി.ഇ.ഒയും ആയ സംഘടനയായ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സാണ് മേയർക്ക് പുരസ്കാരം നൽകിയത്. സംഘടന യു.കെ പാര്‍ലമെന്റ് ഹാള്‍ വാടകക്ക് എടുത്ത നടത്തിയ ചടങ്ങിന് ഹൗസ് ഓഫ് കോമൺസുമായി ഒരു ബന്ധവുമില്ലെന്ന ആരോപണവും ശക്തമാണ്. ഈ സംഘടനക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്ഡ്സുമായും ബന്ധമില്ല.
ചടങ്ങിൽ സമ്മാനിച്ച സർട്ടിഫിക്കറ്റിൽ മേയർ ആര്യ രാജേന്ദ്രൻ, സി.പി.ഐ.എം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സർട്ടിഫിക്കറ്റിലും അങ്ങനെ രേഖപ്പെടുത്തുന്ന പതിവില്ലെന്നും വിമർശകർ പറയുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ ക്ഷണപ്രകാരം മേയര്‍ക്ക് പോകാൻ അനുമതി നൽകിയുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ യാത്ര ചെലവ് കോർപറേഷന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.