തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിയെ കോടതി വിവിധ വകുപ്പുകളിലായി 28 വര്‍ഷം കഠിന തടവിനും 1.2 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ നാല് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്ന് ഒന്നാം സബ് കോടതി ജഡ്ജി മറിയം സലോമി വിധിന്യായത്തിൽ വ്യക്തമാക്കി. ഉളിയാഴ്ത്തറ അരുവിക്കരക്കോണം വട്ടകരിക്കകം പുതുവല്‍ പുത്തന്‍ വീട്ടില്‍ രതീഷിനെയാണ് ശിക്ഷിച്ചത്. ഇയാള്‍ കേസിലെ ആറാം പ്രതിയാണ്. കേസിലെ അഞ്ചു പ്രതികളെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു.
ഒളിവില്‍ പോയ രതീഷ് ഈയിടെയാണ് പിടിയിലായത്. 2004 മാര്‍ച്ച് 23 ന് രാത്രി 7.30 നായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതികളായ സംഘത്തെ അന്വേഷിച്ചാണ് മേനംകുളം കല്പന കോളനിക്ക് സമീപമുളള മേനംകുളം സ്കൂളിന് സമീപം കഴക്കൂട്ടം എസ്.ഐ ശിവരാജന്റെ നേതൃത്വത്തില്‍ ജയകുമാര്‍, ശിവരാമന് നായര്‍, ജയന്, മണിയന്, രാജു എന്നിവര്‍ ഉള്‍പ്പെട്ട സംഘം തിരച്ചിലിനിറങ്ങിയത്.
പൊലീസ് സംഘത്തെ കണ്ട പ്രതികള്‍ ജീപ്പ് വളഞ്ഞ് നാല് ദിശയില്‍ നിന്നും സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞു. എസ്.ഐക്കും സംഘത്തിനും പരിക്കേറ്റതിനൊപ്പം ജീപ്പും കത്തി നശിച്ചു. കഴക്കൂട്ടം സി.ഐയായിരുന്ന പി. രഘുവാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി പീലി ഷിബു ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാൽ ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ വിചാരണ ഉടന്‍ ആരംഭിക്കും. മറ്റൊരു ഗുണ്ടയായിരുന്ന അപ്രാണി കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിരപ്പിന്‍കോട് രാധാകൃഷ്ണന് നായര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.