പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ട് എഫ്.സി.ആർ.എയിലൂടെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി ശബരിമല, വിശ്വാസസംരക്ഷണ വിഷയങ്ങളിലേക്ക് ചുവടുമാറ്റി. എഫ്.സി.ആർ.എ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കാനുള്ള നീക്കങ്ങളും ബി.ജെ.പി നേതൃത്വം തുടരുകയാണ്. മറുഭാഗത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ നേരിൽകണ്ട് തങ്ങളുടെ ആശങ്ക അറിയിക്കാനുള്ള നീക്കത്തിലാണ് ക്രൈസ്തവ സഭകൾ. എല്ലാവരുമായി കൂടിയാലോചിച്ച് മാത്രമേ എഫ്.സി.ആർ.എ നിയമഭേദഗതി നടപ്പാക്കൂ എന്ന് വിശദീകരിച്ച് തളരുകയാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾ. എന്നാൽ, ഇതൊന്നും വിശ്വസിക്കുന്നില്ലെന്ന നിലയിലുള്ള പ്രതികരണമാണ് സഭാനേതൃത്വങ്ങളുടേത്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വികസനം ചർച്ചയാക്കി ക്രൈസ്തവ വിശ്വാസികളുടെ വോട്ട് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. പലയിടങ്ങളിലും അത് വിജയമാകുമെന്ന നിലയിൽ കാര്യങ്ങൾ നീങ്ങവെയാണ് എഫ്.സി.ആർ.എ ബില്ല് വിഷയം വന്നത്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയായുധമായി ഇരുമുന്നണികളും അത് മാറ്റുകയും പ്രതിഷേധവും ആശങ്കയുമായി ക്രൈസ്തവ സഭകൾ രംഗത്തെത്തുകയും ചെയ്തതോടെ വിഷയം ബി.ജെ.പിയുടെ കൈയിൽനിന്നുപോയി. സഭകളുടെ നീരസം വർധിപ്പിക്കുന്ന നിലയിലുള്ള പ്രതികരണം ബി.ജെ.പി നേതാവും പൂഞ്ഞാറിലെ സ്ഥാനാർഥിയുമായ പി.സി. ജോർജിൽ നിന്നുണ്ടായതോടെ പാർട്ടി പൂർണമായും ഈ വിഷയത്തിൽ പ്രതിരോധത്തിലായി. അതിനാലാണ് കേന്ദ്രനേതൃത്വത്തിന്റെ കാലുപിടിച്ച് ബിൽ അവതരണം തൽക്കാലം മാറ്റിച്ചത്. എന്നാൽ, ഇത് സഭകളുടെ വിശ്വാസ്യത നേടിയെടുക്കാൻ പര്യാപ്തമല്ലെന്ന നിലയിലാണ് കാര്യങ്ങൾ.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തൽക്കാലം ബില്ല് അവതരണത്തിൽനിന്ന് പിന്മാറിയതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞും തങ്ങൾ ഇവിടെ കാണുമെന്നുമുള്ള മുന്നറിയിപ്പ് സഭാനേതൃത്വങ്ങൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷവോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കം ബി.ജെ.പി ശക്തമാക്കിയത്. അതിന്റെ ഭാഗമാണ് പ്രകടനപത്രികയിലെ ശബരിമല സ്വർണക്കൊള്ള സി.ബി.ഐ അന്വേഷണ പ്രഖ്യാപനവും ദേവസ്വം ബോർഡുകളുടെ പുനഃസംഘടന പ്രഖ്യാപനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.