ആറ്റിങ്ങൽ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് ധരിപ്പിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി വ്യാപാരിയിൽനിന്നും രണ്ട് ലക്ഷം രൂപ തട്ടിയതായി പരാതി. ചിറയിൻകീഴ് വലിയകട ശ്രീകൃഷ്ണ ജുവലറി വർക്സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജന്റെ (40) പണമാണ് തട്ടിയെടുത്തത്.
ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ് (38), രാമച്ചംവിള മത്തിയോട് കിഴക്കുംപുറം ചരുവിള വീട്ടിൽ അനൂപ് (27) എ.സി.എ.സി നഗർ ശ്യാമ നിവാസിൽ ശരത്ത് (28), കടുവയിൽ വാവറ വീട് എം.എം നിവാസിൽ മഹി(23) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പാങ്ങോട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് അഭിലാഷ് അറിയിച്ചതനുസരിച്ചാണ് സാജനും കടയിലെ ജോലിക്കാരനും നാലരലക്ഷം രൂപയുമായി പുറപ്പെട്ടത്.
അഭിലാഷ് പറഞ്ഞുവിട്ട ഓട്ടോയിലാണ് ഇരുവരും പുറപ്പെട്ടത്. മഹിയാണ് ഓട്ടോയിലെത്തി സാജനെയും ജോലിക്കാരനെയും കൂട്ടിക്കൊണ്ടു പോയത്. ശരത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ആറ്റിങ്ങലിന് സമീപം രാമച്ചംവിള ദേശീയപാതക്കായി പണിനടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ഓട്ടോയുടെ പിന്നിൽ പതുങ്ങിയിരുന്ന രണ്ട് പേർ കണ്ണിൽമുളക്പൊടി വിതറുകയും ആക്രമിക്കുകയും ചെയ്തെന്നും കൈവശമുണ്ടായിരുന്നതിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്നെന്നും ആണ് സാജൻ നൽകിയ പരാതിയിൽ പറയുന്നത്. പരിക്കേറ്റ സാജൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഇവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.