തിരുവനന്തപുരം: കോർപറേഷൻ കൗൺസിലറും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയിൽ പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തുറന്നുപറച്ചിലുമായി മുൻ വക്താവ് എം.എസ്. കുമാർ. അനിലിന്റെ ആത്മഹത്യക്ക് കാരണം ബി.ജെ.പി നേതൃത്വമാണെന്നാണ് പരോക്ഷമായി ആരോപിക്കുന്നത്. പാർട്ടിക്കായി നിലകൊണ്ടെങ്കിലും കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ അവസാനം കൈവിട്ടു. അതേ അവസ്ഥയിലാണ് താനും. പാർട്ടിക്കാർ വായ്പ തിരിച്ചടക്കുന്നില്ല. ഫെയ്സ്ബുക്കിലാണ് തിരുവിതാംകൂർ സഹകരണ സംഘം പ്രസിഡന്റായ കുമാറിന്റെ പ്രതികരണം.
പോസ്റ്റിൽ നിന്ന്: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ചർച്ചയാവുക കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിന്റെ കാരണങ്ങളുമായിരിക്കും. ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാലാണ് അദ്ദേഹത്തിന് ജീവൻ വെടിയേണ്ടിവന്നത്. അവസാന നാളുകളിൽ അദ്ദേഹമനുഭവിച്ച മാനസിക സമ്മർദത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. ഞങ്ങളുടെ സംഘത്തിൽ നിന്ന് വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി.
നിക്ഷേപകർ പണം പിൻവലിക്കാനും എത്തുന്നു. അതിജീവിക്കാൻ കൂടെനിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുകയാണ്. ഇക്കാരണത്താൽ തന്നെയാവും അനിലിന് സ്വന്തം മക്കളെയടക്കം മറന്ന് കടുംകൈ ചെയ്യേണ്ടിവന്നത്. കാശ് കൊടുത്തുസഹായിക്കണ്ട. വായ്പ എടുത്തവരെക്കൊണ്ട് തിരിച്ചടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു. അതും ചെയ്തില്ല. മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. ഞാൻ കൂടിയുള്ള സംഘത്തിൽ നിന്നും വായ്പയെടുത്ത 70 ശതമാനം പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90 ശതമാനവും പാർട്ടിക്കാർ തന്നെ. അതിൽ സെൽ കൺവീനർമാരടക്കമുള്ള സംസ്ഥാന ഭാരവാഹികൾ വരെയുണ്ട്. അടുത്ത പോസ്റ്റിൽ ഇവരുടെ പേര് വെളിപ്പെടുത്തും.
ജീവിതത്തിൽ ഒരു അഴിമതിയും നടത്താത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചതിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനുമായി. നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ ജനങ്ങൾ വിവേകമുള്ള വോട്ടർമാരാണെന്ന് മനസിലാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.