വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്ന് 25 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്നെത്തും. ലോക്ഹീഡ് സി 130 ഹേര്ക്കുലിസ് എന്ന പടുകൂറ്റന്‍ വിമാനവുമായാണ് സംഘം എത്തുക.
വിമാനം കേടുപാടുകള്‍ തീര്‍ത്ത് തിരികെ പറത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ ചിറകുകള് ഇളക്കിമാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തുന്നത്. സംഘത്തില്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധരും ഉണ്ടാകുമെന്നാണ് സൂചന.അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിച്ച എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ബി യുദ്ധ വിമാനം മോശം കാലാവസ്ഥയെതുടര്‍ന്ന് ആകാശത്ത് ഏറെ നേരം വട്ടമിട്ടുപറന്നതിനെത്തുടര്ന്ന് ഇന്ധനക്കുറവ് കാരണം ജൂണ്‍ 14 ന് രാത്രി 9.30 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
അടുത്ത ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മടങ്ങി പോകാന്‍ കഴിഞ്ഞില്ല. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന ബ്രിട്ടന്റെ തന്നെ യുദ്ധകപ്പലായ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നും ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും തകരാര്‍ കണ്ടെത്താനോ പരിഹരിക്കുന്നതിനോ കഴിഞ്ഞില്ല. ദിവസങ്ങള്‍ നീണ്ടുപോയതിനെത്തുടർന്ന് അന്താരാഷ്ടവിമാനത്താവളത്തില് നിന്ന് വിമാനം ആഭ്യന്തര ടെര്‍മിനലിനോട് ചേർന്ന നാലാം നമ്പര്‍ ബേയില്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷ വലയത്തില്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.