തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണിൽ കെ- റെയിൽ സ്ഥിരീകരണം വന്നതോടെ പാതക്ക് ഏറ്റെടുക്കുന്നത്രതന്നെ ഭൂമി നഷ്ടപരിഹാരം പോലുമില്ലാതെ നിശ്ചലമാകുമെന്ന് വ്യക്തം. മന്ത്രി സജി ചെറിയാനടക്കം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾക്കിയിൽ പാതക്കിരുവശത്തും 10 മീറ്റർ വീതിയിൽ ബഫർ സോണുണ്ടാകുമെന്ന് കെ- റെയിൽ വ്യക്തമാക്കിയിരുന്നു. 529.45 കിലോമീറ്റർ നീളത്തിൽ ശരാശരി 20 മീറ്റർ വീതിയിലാണ് സിൽവർ ലൈൻ പാളങ്ങൾ പണിയുന്നത്. ഡി.പി.ആർ പ്രകാരം ഇതിന് 3500 ഏക്കർ ഭൂമിയാണ് (1383 ഹെക്ടർ) ഏറ്റെടുക്കേണ്ടത്. 20 മീറ്റർ ബഫർ സോൺകൂടി വരുന്നതോടെ 'സുരക്ഷിത മേഖല'യിൽ കുരുങ്ങുന്ന ഭൂമിയുടെ വിസ്തൃതിയും 3500 ഏക്കറോളം വരും. ബഫർ സോണിൽ ആദ്യ അഞ്ചു മീറ്ററിൽ ഒരു നിർമാണ പ്രവൃത്തിയും പാടില്ലാത്ത മേഖലയാണ്. ഇരുവശത്തുമായി ഇത്തരത്തിൽ കടുത്ത നിയന്ത്രണ മേഖലയിലുണ്ടാകുക 10 മീറ്റർ. സംസ്ഥാനമാകെ 1750 ഏക്കറോളം ഇങ്ങനെ നിശ്ചലമാകും. ശേഷിക്കുന്ന 1750 മീറ്ററിൽ അനുമതിയോടെ പ്രവർത്തനങ്ങളാകാമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികളോ മറ്റോ അനുവദിക്കുമെന്നല്ലാതെ പുതിയ നിർമാണ പ്രവൃത്തികൾക്ക് സാധ്യത വിരളം. ഫലത്തിൽ ഔദ്യോഗികമായി ഭൂമിയേറ്റെടുക്കുന്നവരെക്കാൾ പ്രഹരമേൽക്കുക ബഫർ സോൺ ഇരകൾക്കായിരിക്കും. 3500 ഏക്കർ ഭൂമി പദ്ധതിക്കും 3500 ഏക്കർ ബഫർ സോണിലും ഉൾപ്പെടുന്നതോടെ ആകെ ബാധിക്കുന്ന ഭൂമി 7000 ഏക്കറാകും. പുറമെ ടൗൺഷിപ്പുകളുടെ വികസനത്തിന് ഏറ്റെടുത്ത കൈമാറുന്ന 2500 ഏക്കർ കൂടിയാകുമ്പോൾ 9500 ഏക്കറിലെത്തും. സ്വകാര്യ ഭൂമിയിലെ സർവേക്ക് സർക്കാർ ധിറുതി കാട്ടുന്നുണ്ടെങ്കിലും റെയിൽവേ ഭൂമിയിൽ കല്ലിടാൻ അനുമതി കിട്ടിയിട്ടില്ല. 185 ഹെക്ടർ റെയിൽവേ ഭൂമിയിലൂടെയാണ് സിൽവർ ലൈൻ പോകുന്നത്. റെയിൽവേ ഭൂമിയിൽ സംയുക്ത പരിശോധനക്കാണ് റെയിൽവേ ബോർഡ് നിർദേശം. സംയുക്ത പരിശോധന വൈകുന്നത് കൊണ്ടാണ് അനുമതി ലഭിക്കാത്തതെന്നാണ് കെ- റെയിൽ വിശദീകരണം. പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്ന സാഹചര്യത്തിൽ റെയിൽവേയുടെ വിയോജിപ്പാണ് കല്ലിടലിന് അനുവാദം വൈകാൻ കാരണമെന്നും വിലയിരുത്തലുണ്ട്. 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന 185 ഹെക്ടർ ഭൂമിയും ചേർത്ത് 3125 കോടിയാണ് റെയിൽവേ വിഹിതമായി കെ- റെയിൽ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ ധനസ്ഥിതിയിൽ 2180 കോടി ലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. എം.ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.