തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സമ്പത്ത് സർക്കാർ കൊള്ളയടിക്കുകയാണെന്നും ദേവസ്വം ബോർഡുകൾക്ക് സഹായം നൽകുന്നില്ലെന്നുമുള്ള സംഘ്പരിവാർ സംഘടനകളുടെ പ്രചാരണം ശരിയല്ലെന്ന് രേഖകൾ. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്കായി സർക്കാർ ലഭ്യമാക്കിയത് 327 കോടി ആറു ലക്ഷം രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2018 ഏപ്രിൽ ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കാണിത്. ഏറ്റവുമധികം സഹായം ലഭ്യമായത് മലബാർ ദേവസ്വത്തിനാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന പല ക്ഷേത്രങ്ങളും ഉൾപ്പെട്ട ദേവസ്വത്തെ സഹായിക്കാനും കാവുകളുടെയും കുളങ്ങളുടെയും നവീകരണത്തിനുമായി 160 കോടിയിലധികം രൂപയാണ് നൽകിയത്. ശബരിമല യുവതി പ്രവേശന വിഷയം, പ്രളയം എന്നിവ മൂലം പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയതാകട്ടെ, 142 കോടിയിലധികവും. കൊച്ചിൻ ദേവസ്വത്തിന് 25.23 കോടിയും കൂടൽ മാണിക്യക്ഷേത്രത്തിന് 15 ലക്ഷവുമാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിക്കായി 30 കോടിയും കിഫ്ബിയില്‍നിന്ന് ശബരിമല ഇടത്താവളങ്ങളുടെ നിർമാണത്തിനായി 118 കോടിയും അനുവദിച്ചു. കോവിഡ് പ്രതിസന്ധിയിൽ ക്ഷേത്രങ്ങൾ അടഞ്ഞുകിടന്നതിനാൽ വരുമാനം നിലച്ചതിനെ തുടർന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഖജനാവിൽനിന്ന് വൻ തുകയാണ് ചെലവാക്കിയതെന്ന് ദേവസ്വംമന്ത്രിയുടെ ഓഫിസിൽനിന്ന് രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡുകളിൽനിന്ന് സർക്കാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. സർക്കാറിന്‍റെ സഹായം ലഭിക്കുന്നതിനാലാണ് പ്രവർത്തനം നടക്കുന്നതെന്ന് ദേവസ്വംബോർഡ് അധികൃതരും സമ്മതിക്കുന്നു. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.