തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കൂടുതൽ സുഗമവും ആകർഷകവുമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ പോളിങ് സ്‌റ്റേഷനുകളുടെ ക്രമീകരണത്തിൽ ഒട്ടേറെ പ്രത്യേകതകൾ. മോഡൽ, പിങ്ക്, യങ് എന്നിങ്ങനെ പോളിങ് സ്റ്റേഷനുകളിൽ പ്രത്യേക സജ്ജീകരണങ്ങളും തയാറെടുപ്പുകളുമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ബുത്തുകളൊരുങ്ങുന്നു. ജില്ലയിലാകെ തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3264 പോളിങ് സ്റ്റേഷനുകളാണുള്ളത്. അതിൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇത്തരം പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിക്കുക.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, രോഗികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണനയും സൗകര്യവും ഒരുക്കിയിട്ടുള്ളതാണ് മോഡൽ പോളിങ് സ്‌റ്റേഷനുകൾ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, വീൽചെയറുകൾ, വോട്ടർമാർക്ക് ഇരിക്കുവാൻ സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യം എന്നിവയാണ് മോഡൽ പോളിങ് സ്‌റ്റേഷനുകളുടെ പ്രത്യേകത. രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ക്യൂവിൽ മുൻഗണന നൽകും. കന്നിവോട്ടർമാർക്ക് ബൂത്തുകളിൽ സ്വീകരണം ഒരുക്കും.
പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഉൾപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കുമെന്നതാണ് പിങ്ക് സ്റ്റേഷനുകളുടെ പ്രത്യേകത. ഇത്തരം ബൂത്തുകൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബലൂണുകൾ, കർട്ടനുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിട സൗകര്യം സജ്ജമാക്കും. വനിത കന്നിവോട്ടർമാരെ പ്രത്യേകം സ്വീകരിക്കും.
മൊബൈൽ സെൽഫി പോയന്റുകൾ അടക്കമുള്ള യങ് പോളിങ് സ്‌റ്റേഷനുകൾ യുവാക്കളായ പോളിങ് സംഘമാണ് കൈകാര്യം ചെയ്യുക. ആകർഷകമായ രീതിയിൽ പോളിങ് സ്റ്റേഷനുകൾ അലങ്കരിക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക മൊബൈൽ സെൽഫി പോയിന്റുണ്ടാവും. ജനാധിപത്യ പ്രക്രിയയിൽ വോട്ടിങിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ പങ്കുവയ്ക്കുന്ന പോസ്റ്ററുകൾ പതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.