ശശികുമാർ,
ശശിധരൻ നായർ
തിരുവനന്തപുരം: വ്യാജ വായ്പയെടുത്ത് പണം തട്ടിയകേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ രണ്ടുപേർ അറസ്റ്റിലായി. നെടുങ്കാട് സ്വദേശികളായ പി. ശശികുമാർ, സി. ശശിധരൻനായർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുവരും ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
1994 മുതൽ 1998 വരെയുള്ള കാലയളവിൽ സർവിസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസ് ബ്രാഞ്ചിലെ ആറ് ഉപഭോക്താക്കളുടെ 11 സ്ഥിര നിക്ഷേങ്ങളിൽനിന്ന് നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ വായ്പ അപേക്ഷകളും രേഖകളും നിർമിച്ച് ഇരുവരും ചേർന്ന് 18,86,000 രൂപ കൈവശപ്പെടുത്തിയെന്നാണ് കേസ്.
ബാങ്കിലെ സെക്രട്ടറിയായിരുന്നു പി. ശശികുമാർ. ഹെഡ് ക്ലർക്കായിരുന്നു സി. ശശിധരൻനായർ. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്-1 ആണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2013ൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ തിരുവനന്തപുരം വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിനതടവിനും 1000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചിരുന്നു.
തുടർന്ന് ശശികുമാറും, ശശിധരൻ നായരും ഹൈക്കോടതിയിൽ അപ്പീൽ പോയി. ശിക്ഷ കാലയളവ് ഒരു വർഷവും 1000 രൂപ പിഴയുമാക്കി ഇളവ് വരുത്തുകയും ചെയ്ത കോടതി വിജിലൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, പ്രതികൾ കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു. നെടുങ്കാട്ടെ വീടുകളിൽനിന്നാണ് വെള്ളിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.