കാട്ടാക്കട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായാറാഴ്ച വൈകിട്ട് കൊട്ടിക്കലാശത്തോടെ സമാപിച്ചു. ആവേശം ചോരാതെ കൊട്ടിക്കലാശം പൊടിപൊടിക്കുന്നതിനിടെ അവസാനസമയം അപ്രതീക്ഷിത ചാറ്റല്‍ മഴയോടെയാണ് പ്രചാരണം അവസാനിച്ചത്. മുന്നണി സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും തുടങ്ങി യുവാതീയുവാക്കളുടെ നിരയും കൊട്ടിക്കലാശത്തില്‍ അണിചേര്‍ന്നു. ബാന്റ് മേളവും ചെണ്ടയും തകിലുമൊക്കെ കലാശക്കൊട്ടിന് ആവേശത്തിരയിളക്കി. പൂവച്ചല്‍, കാട്ടാക്കട, കള്ളിക്കാട് ,ആര്യനാട് ജങ്ഷനുകളിലായിരുന്നു ആവേശംകൊള്ളിച്ച കൊട്ടിക്കലാശം. വൈകിട്ട് നാല് മണിയോടെ ജങ്ഷനുകളില്‍ സ്ഥാനാർഥികളുടെ ഫോട്ടോ പതിച്ച കൂറ്റൻ ബോര്‍ഡുകള്‍ സ്ഥാപിച്ച വാഹനങ്ങളും പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ ജങ്ഷനുകള്‍ വഴിയുള്ള ഗതാഗതം താറുമാറായി. പലയിടത്തും രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. കലാശക്കൊട്ട് പൊതുവെ സമാധാനപരമായിരുന്നു. പൊലീസിന്റെ നിയന്ത്രണങ്ങൾ പാലിക്കാൻ മുന്നണി പ്രവർത്തകർ തയാറായതാണ് സംഘർഷം ഒഴിവാകാൻ കാരണം.
കുറ്റിച്ചലില്‍ കൂറ്റന്‍ ലോറികളിലും മറ്റ് വാഹനങ്ങളിലും കൊടികളും ചെണ്ടവാദ്യഘോഷങ്ങളുമായി നാലുമണിയോടെ തന്നെ ഇടത്-വലത് മുന്നണികളുംഎൻ.ഡി.എയും ജങ്ഷനില്‍ നിലയുറപ്പിച്ചു. കൊട്ടിക്കലാശം അവസാനിക്കുംവരെ ജങ്ഷനിൽ കാഴ്ചക്കാരും ഏറെയായിരുന്നു. ബൈക്ക് റാലിയും കാൽനട ജാഥകളുമായാണ് മിക്കയിടങ്ങളിലും പ്രവര്‍ത്തകര്‍ എത്തിയത്. മുതിർന്ന നേതാക്കളും സ്ഥാാനാർഥികളും കൂടി എത്തിതോടെ പ്രവർത്തകർ ആവേശത്തിലായി.
വെള്ളറട : വെള്ളറട ജങ്ഷനില്‍ നടന്ന കൊട്ടിക്കലാശത്തിൽ വീറുംവാശിയുമായി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം അണിനിരന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചെമ്പൂര് റോഡ് തിരിയുന്ന ഭാഗം എല്‍.ഡി.എഫും കാരക്കോണം റോഡ് തിരിയുന്ന ഭാഗം ബി.ജെ.പിയും കുടപ്പനമൂട് റോഡ് തിരിയുന്ന ഭാഗം കോണ്‍ഗ്രസും കൈയടക്കിയതോടെ റോഡുകൾ അക്ഷരാർഥത്തില്‍ പൂര്‍ണമായും അടച്ച അവസ്ഥയിലായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഡാന്‍സും മുദ്രവാക്യം വിളിയും നിറഞ്ഞ് ജങ്ഷൻ പൂരപ്പറമ്പ് ആയി മാറി. കൊട്ടിക്കലാശം കാണാന്‍ വിവിധ പാര്‍ട്ടിക്കാരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വളരെ നേരത്തെ തന്നെ വെള്ളറട ജങ്ഷനില്‍ എത്തി കെട്ടിടങ്ങളുടെ മുകളില്‍ നിലയുറപ്പിച്ചിരുന്നു. സ്ഥലത്ത് ശകളതമായ പൊലീസ് ബന്തവസും ഏർപ്പെടുത്തിയിരുന്നു.
വെഞ്ഞാറമൂട്: കലാശക്കൊട്ടോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് സമാപനം. നെല്ലനാട് പഞ്ചായത്തിലെ മുന്നണി പ്രവര്‍ത്തകര്‍ ആലുന്തറയിലും വെമ്പായം, മാണിക്കല്‍ പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ വെമ്പായം ജങ്ഷനിലും കല്ലറ പഞ്ചായത്തില്‍ കല്ലറയിലും പാങ്ങോട് പഞ്ചായത്തില്‍ പാങ്ങോട് ജങ്ഷനിലും പുല്ലമ്പാറ പഞ്ചായത്തില്‍ മുത്തിപ്പാറയിലുമായിരുന്നു കലാശക്കൊട്ട്. മൂന്ന് മുന്നണികളിലെയും പ്രവര്‍ത്തകര്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തി കലാശക്കൊട്ടിന്റെ ഭാഗമായി.
തേമ്പാംമൂട് മുത്തിപ്പാറയില്‍ കലാശക്കൊട്ടില്‍ വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നതും വെമ്പായം ജങ്ഷനില്‍ ഉണ്ടായ വാക്കേറ്റവും കലാശക്കൊട്ടിലെ കല്ലുകടിയായി. നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാല്‍ രംഗം വഷളാകുന്നത് തടയാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.