നെടുമങ്ങാട് ടൗണിലെ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷം
നെടുമങ്ങാട്: കൊട്ടിക്കലാശത്തിനിടയിൽ നെടുമങ്ങാട് ടൗണിൽ കോൺഗ്രസ്- പൊലീസ് സംഘർഷം. പ്രചരണത്തിന്റെ അവസാന നിമിഷം നെടുമങ്ങാട് ടൗണിൽ നടന്ന കൊട്ടിക്കലാശത്തിൽ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഉന്തുംതള്ളും ഉണ്ടാവുകയും മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് ലാത്തി ചാർജിൽ പരിക്കേൽക്കുകയും ചെയ്തു.സമാധാനപരമായി നടന്നുവന്ന കൊട്ടികലാശത്തിനിടയിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ ഇടപെടലാണ് സംഘർഷത്തിൽ എത്തിയത്.
കച്ചേരി ജങ്ഷനിൽ എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ അണിനിരന്നശേഷം സ്ഥലത്തെത്തിയ യു.ഡി.എഫ് പ്രവർത്തകരുടെ വാഹനങ്ങൾ അവിടേക്ക് കടക്കാൻ അനുവദിക്കാതെ നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ ഒരുസംഘം പൊലീസുകാർ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പുതുതായി വന്ന സി. ഐയോട് ചില പൊലീസുകാർ തന്നെ അവരെ തടയേണ്ടതില്ലെന്ന് പറയുന്നുണ്ടായിരുന്നു. എന്നിട്ടും സി.ഐ ബലപ്രയോഗത്തിലൂടെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും തള്ളിമാറ്റി വാഹനങ്ങൾ കടത്തിവിടാതെ തടഞ്ഞതോടെയാണ് പ്രവർത്തകർ പൊലീസിന് നേരെ ബലപ്രയോഗത്തിന് മുതിർന്നത്. അതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു.
നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് തിരഞ്ഞുപിടിച്ച് അടിച്ചു. പരസ്യപ്രചരണം അവസാനിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് മാത്രം പ്രവർത്തകരെ പൊലീസ് പ്രകോപിപ്പിച്ചത് കൊട്ടിക്കലാശത്തിന്റെ നിറംകെടുത്തി. സർക്കാറിന്റെ ആശ്രിത വത്സലരായ ചില പൊലീസുകാർ പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടായതെതെന്നും അനാവശ്യമായാണ് പൊലീസ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാജി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.