തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ബി.ജെ.പി -സി.പി.എം രാഷ്ട്രീയപോര്. ഭരണം തുടരാനും ഭരണം പിടിക്കാനും ഇരുപാർട്ടികളും പതിനെട്ടടവും പയറ്റി പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് അഴിമതി ആരോപണത്തിൽ വാക്പോരുയർന്നത്. കോർപറേഷനിലെ വിവിധ പദ്ധതികളിൽ വൻ അഴിമതി നടന്നെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്തുവരികയായിരുന്നു. സി.പി.എം കോർപറേഷൻ ഭരണം പിടിക്കുന്നതുതന്നെ അഴിമതിയിലൂടെ പാർട്ടി ഫണ്ട് ഉണ്ടാക്കാനാണ്.
മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് 40 ശതമാനം അധിക തുക കാണിച്ചാണെന്നും ഈ തുക പിന്നീട് പാർട്ടി കൈക്കലാക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. കിച്ചൺ ബിൻ പദ്ധതിയിലും വലിയ തട്ടിപ്പാണ് നടന്നതെന്നും ബി.ജെ.പി പ്രചരിപ്പിച്ചു. എന്നാൽ, പരാജയ ഭീതിമൂലമാണ് ബി.ജെ.പി അഴിമതിയാരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ ഇതിനെതിരെ രംഗത്തുവന്നു.
വ്യാജ ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം പ്രഖ്യാപിച്ചു. പിന്നാലെ ഇതിന് തിരിച്ചടിയെന്നോണം കോർപറേഷനിലെ അഴിമതികളിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും ബി.ജെ.പി പരാതി നൽകി. കേന്ദ്ര ഫണ്ടുകളടക്കം ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. അതിനിടെ എന്തിലും ഏതിലും 40 ശതമാനം കമീഷൻ ആരോപിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ ‘മിസ്റ്റർ 40 ശതമാനം’ എന്ന് നാട്ടുകാർ വിളിച്ചുതുടങ്ങിയെന്ന് പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.