പേരൂർക്കടയിലെ കൊട്ടിക്കലാശം
തിരുവനന്തപുരം: നാടും നഗരവും ഇളക്കിമറിച്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന കലാശക്കൊട്ട് തെരഞ്ഞെടുപ്പ് ഗോദയിലെ വീറുംവാശിയും വെളിപ്പെടുത്തുന്നതായിരുന്നു.
നഗരത്തിൽ പേരൂർക്കടയിലടക്കം കൊട്ടിക്കലാശം മുന്നണികളുടെ ശക്തിപ്രകടനത്തിന്റെ വേദികൂടിയായി. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം രാവിലെ മുതൽ തന്നെ പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയായിരുന്നു എങ്ങും. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും എതിരാളികളെ രൂക്ഷഭാഷയിൽ വിമർശിച്ചും നീങ്ങിയ അനൗൺസ്മെന്റ് വാഹനങ്ങൾ ഉച്ചകഴിഞ്ഞതേടെ കൊട്ടിക്കലാശ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീക്കി. വാദ്യമേളങ്ങളും ഗാനവും നൃത്തവുമൊക്കെയായി ശബ്ദമുഖരിതമായ അന്തരീക്ഷം സൃഷ്ടിച്ചാണ് കൊട്ടിക്കാലശത്തിന് കൊടിയിറങ്ങിയത്. ഇനി ഒരുദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ച ബൂത്തിലേക്ക്.
ജില്ലയിൽ 2926080 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. ഇവരിൽ 1359793 പേർ പുരുഷന്മാരും 1566252 പേർ സ്ത്രീകളുമാണ്.
33 ട്രാൻസ്ജെൻഡർ വോട്ടർമാരും 57 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്. 90 തദ്ദേശസ്ഥാനങ്ങളിലെ 1838 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോർപറേഷൻ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 6310 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. സ്ഥാനാർഥികളിൽ സ്ത്രീകളാണ് കൂടുതൽ. 3318 വനിതകളാണ് മത്സരരംഗത്ത്. 2991 പുരുഷന്മാരും ജനവിധി തേടുന്നു. ആകെ 3264 പോളിങ് സ്റ്റേഷനുകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. നഗരമേഖയിൽ 820 ബൂത്തുകളും ഗ്രാമമേഖലയിൽ 2444 ബൂത്തുകളുമാണ് പ്രവർത്തിക്കുക.
തെരഞ്ഞെടുപ്പ് കൂടുതൽ സുഗമവും ആകർഷകവുമാക്കുന്നതിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. മോഡൽ, പിങ്ക്, യങ് എന്നിങ്ങനെയുള്ള പ്രത്യേക പോളിങ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സജ്ജമാക്കുക.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ രോഗികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണനയും സൗകര്യവും ഒരുക്കിയിട്ടുള്ളവയാണ് മോഡൽ പോളിങ്സ്റ്റേഷനുകൾ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വീൽചെയറുകൾ, വോട്ടർമാർക്ക് ഇരിക്കുവാൻ സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ മോഡൽ പോളിങ് സ്റ്റേഷനുകളിലുണ്ടാവും. രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ക്യൂവിൽ മുൻഗണന നൽകും. കന്നിവോട്ടർമാർക്ക് ബൂത്തുകളിൽ സ്വീകരണവും ഉണ്ടാകും.
പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഉൾപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കുമെന്നതാണ് പിങ്ക് സ്റ്റേഷനുകളുടെ പ്രത്യേകത. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിടവും സജ്ജമാക്കും. വനിത കന്നിവോട്ടർമാരെ പ്രത്യേകം സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. മൊബൈൽ സെൽഫി പോയന്റുകൾ അടക്കമുള്ള യങ് പോളിങ് സ്റ്റേഷനുകൾ യുവാക്കളായ ഉദ്യോഗസ്ഥ സംഘമാണ് കൈകാര്യം ചെയ്യുക.
ആകർഷകമായ രീതിയിൽ ഈ കേന്ദ്രങ്ങൾ അലങ്കരിക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക മൊബൈൽ സെൽഫി പോയിന്റും സജ്ജമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.