അഗ്നിപഥിനെതിരെ എൽ.ഡി.വൈ.എഫ് പ്രതിഷേധം29ന്

തിരുവനന്തപുരം: സൈനിക സേവനത്തെയും കരാർവത്​കരിക്കുന്ന അഗ്നിപഥ്‌ പദ്ധതിക്കെതിരെ ഇടതു ജനാധിപത്യ യുവജന സംഘടനകളുടെ (എൽ.ഡി.വൈ.എഫ്‌) നേതൃത്വത്തിൽ 29ന്‌ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്കും മറ്റു ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കും നടക്കുന്ന മാർച്ചിൽ യുവജനങ്ങളും വിദ്യാർഥികളും ഉദ്യോഗാർഥികളും പങ്കെടുക്കും. 29ന്‌ നടത്തുന്ന പാർലമെന്‍റ് മാർച്ചിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ്‌ സംസ്ഥാനത്തെ പ്രക്ഷോഭം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരെയും ഉദ്യോഗാർഥികളെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച്‌ ജൂലൈ രണ്ടിന്‌ എറണാകുളത്ത്‌ വിപുലമായ യോഗം നടത്തും. തുടർദിവസങ്ങളിൽ പഞ്ചായത്ത്‌ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത്‌ സ്‌ക്വാഡുകൾ വീടുകളും തൊഴിലിടങ്ങളും സന്ദർശിച്ച്‌ പദ്ധതിക്കെതിരെ പ്രചാരണം നടത്തും. വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ അടക്കം നിശ്ശബ്ദതപാലിക്കുകയാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്‌ ആരോപിച്ചു. പ്രസിഡന്‍റ് വി. വസീഫ്‌, എ.ഐ.വൈ.എഫ്‌ സംസ്ഥാന പ്രസിഡന്‍റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ, റോണി മാത്യു (യൂത്ത്‌ ഫ്രണ്ട്‌ -എം), സന്തോഷ്‌ കാല (യൂത്ത്‌ കോൺഗ്രസ്‌ -എസ്‌), പി.കെ. അനീഷ്‌ (വൈ.ജെ.ഡി.എസ്‌), ബി. നിബുദാസ്‌ (കെ.വൈ.എഫ്‌.ബി), ഷമീർ പയ്യനങ്ങാടി (എൻ.വൈ.എൽ), ഹാപ്പി പി. അബു (എൽ.വൈ.ജെ.ഡി) എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.