തിരുവനന്തപുരം: കോവിഡിന്‍റെ മറവിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകൾ വെട്ടിക്കുറച്ചതിലൂടെ റെയിൽവേ കൊയ്തത് 1500 കോടിയോളം രൂപ. 2020 മാർച്ചിൽ കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകളെല്ലാം നിർത്തിയിരുന്നു. ഇതോടെയാണ് കൺസഷനുകൾ അവസാനിച്ചത്. ലോക്ഡൗൺ ഇളവുകളെ തുടർന്ന് സർവിസുകൾ പുനരാരംഭിച്ചെങ്കിലും മുതിർന്ന പൗരന്മാരുടെയടക്കം യാത്ര ഇളവുകൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ് റെയിൽവേയുടെ നിലപാട്. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ് റെയിൽവേയിൽ യാത്ര ചെയ്തത്. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും 8,310 മുതിർന്ന ട്രാൻസ്ജെൻഡേഴ്സുമാണ്. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽനിന്നുള്ള മൊത്തം ടിക്കറ്റ് വരുമാനം 3,464 കോടി രൂപയാണ്. യാത്ര ഇളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1,500 കോടി രൂപയാണെന്നാണ് റെയിൽവേയുടെ തന്നെ കണക്ക്. പുരുഷ യാത്രക്കാരിൽനിന്ന് 2,082 കോടി രൂപയും സ്ത്രീ യാത്രക്കാരിൽനിന്ന് 1,381 കോടി രൂപയും ട്രാൻസ്ജെൻഡേഴ്സിൽനിന്ന് 45.58 ലക്ഷം രൂപയും ടിക്കറ്റ് നിരക്കിലൂടെ റെയിൽവേക്ക് ലഭിച്ചു. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കുമാണ് റെയിൽവേ നിരക്കിളവുണ്ടായിരുന്നത്. സ്ത്രീകൾക്ക് ടിക്കറ്റ് നിരക്കിന്‍റെ 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമാണ് ഇളവ് ലഭിച്ചിരുന്നത്. യാത്ര ആനുകൂല്യങ്ങൾ റെയിൽവേക്ക് ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടർന്ന് 2016 മുതൽതന്നെ ഇളവുകളിൽ കൈവെക്കാൻ നീക്കം തുടങ്ങിയിരുന്നു. വിവിധ യാത്രക്കാർക്കായി 53ഓളം ഇളവുകൾ വഴി പ്രതിവർഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നെന്നാണ് റെയിൽവേ ബോർഡ് ആവർത്തിക്കുന്നത്. റെയിൽവേ നൽകുന്ന ഇളവുകളിൽ 75 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ളതാണ്. നേരത്തേ മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഉപേക്ഷിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും കാര്യമായി വിജയിച്ചില്ല. 2.47 ശതമാനം പേർ മാത്രമാണ് ഇളവുകൾ ഉപേക്ഷിക്കാൻ തയാറായത്. സാധാരണ ടിക്കറ്റ് നിരക്കുതന്നെ സബ്സിഡിയുള്ളതാണെന്നും പ്രവർത്തനച്ചെലവായി വരുന്ന ഓരോ 100 രൂപക്കും യാത്രക്കാരിൽനിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നുമാണ് റെയിൽവേയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.