പൊന്നുക്കുട്ടൻ ദുഃഖിക്കേണ്ട; വേളാങ്കണ്ണി സർവിസ് സൂപ്പർ എക്സ്​പ്രസായി നിലനിർത്തും

തിരുവനന്തപുരം; ചങ്ങനാശ്ശേരിയിൽനിന്ന്​ വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്​.ആർ.ടി.സി സൂപ്പർ എക്സ്​പ്രസ് അതേ രീതിയിൽ നിലനിർത്താൻ മാനേജിങ്​ ഡയറക്ടർ​ നിർദേശം നൽകി. കെ സ്വിഫ്​റ്റിന്​ കൈമാറുന്ന റൂട്ടിൽ അവസാന യാത്രക്കു​ശേഷം ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ പ്രകടിപ്പിച്ച ദുഃഖം വാർത്തയായിരുന്നു. അന്തർ സംസ്ഥാന സർവിസ് സൂപ്പർ ഡീലക്സായി ഉയർത്തുന്നതിനാണ് സ്വിഫ്റ്റ് ബസ്​ ഉപയോഗിച്ച് മാറ്റാൻ തീരുമാനിച്ചതെന്ന്​ കെ.എസ്​.ആർ.ടി.സി അറിയിച്ചു. ദീർഘ​ദൂര സർവിസ്​ നടത്തുന്ന സൂപ്പർ ക്ലാസ് ബസ്​ അഞ്ചു​വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. ബസുകളുടെ കുറവ് കാരണം ഇത് ഏഴു വർഷമാക്കി. എന്നിട്ടും കുറവുണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒമ്പത്​ വർഷമായി വർധിപ്പിച്ചു. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവിസ്, കാലപ്പഴക്കം, സർവിസിന്‍റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് സ്വിഫ്റ്റിന്‍റെ പുതിയ ബസ്​ നൽകുന്നത്. അഞ്ചു​ വർഷവും മൂന്നു​ മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്​പ്രസ് ഡീലക്സായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്​. ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവിസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായും മാതൃകപരമായി സർവിസ് നടത്തുന്നതായും ശ്രദ്ധയിൽപെട്ടിരുന്നു. ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവിസ്​ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ബസ് തുടർന്നും സൂപ്പർ എക്സ്​പ്രസായി നിലനിർത്തുന്നതെന്ന്​ കെ.എസ്​.ആർ.ടി.സി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.