സസ്​പെൻഷൻ: കെ.എസ്​.ഇ.ബിയിൽ ഇടത്​ ഓഫി​സേഴ്​സ്​ സംഘടനയുടെ സമരം ഇന്നു​ മുതൽ

തിരുവനന്തപുരം: മൂന്ന്​ ഉന്നത നേതാക്കളെ സസ്​പെൻഡ്​​ ചെയ്തതിൽ പ്രതിഷേധിച്ച്​ ഇടത്​ സംഘടന കെ.എസ്.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷൻ തിങ്കളാഴ്ച മുതൽ വൈദ്യുതി ബോർഡ്​ ആസ്ഥാനത്തിന്​ മുന്നിൽ സമരം ആരംഭിക്കും. അനിശ്ചിതകാല സത്യഗ്രഹവും 19ന്​ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ എം.ജി. സുരേഷ്​ കുമാർ, സെക്രട്ടറി ബി. ഹരികുമാർ, സംസ്ഥാന നേതാവും എക്സിക്യൂട്ടിവ്​ എൻജിനീയറുമായ ജാസ്മിൻ ബാനു എന്നിവരാണ്​ സസ്​പെൻഷനിൽ. സമര നീക്കം ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായെങ്കിലും സംഘടന വഴങ്ങിയിട്ടില്ല. ചൊവ്വാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തലസ്ഥാനത്ത്​ എത്തുന്നുണ്ട്​. ബന്ധപ്പെട്ടവരുമായി മന്ത്രി ചർച്ച നടത്തിയേക്കും. സംഘടനയും ചർച്ചക്ക്​ സന്നദ്ധമാണെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. ചെയർമാനും ഇടത്​ സംഘടനയും തമ്മിൽ രൂപപ്പെട്ട ശക്തമായ ഭിന്നതയിൽ സർക്കാർ കാഴ്ചക്കാരായി​ എന്ന ആക്ഷേപം ശക്തമാണ്​. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനകംതന്നെ വിഷയം പരിശോധിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ ചട്ടപ്പടി സമരം അടക്കം സമരങ്ങളിലേക്ക്​​ നീങ്ങാനാണ്​ ഓഫിസർമാരുടെ തീരുമാനം. ഇടതു​ മുന്നണി ഭരിക്കുമ്പോൾ അവരുടെ സംഘടനയിലെ പ്രസിഡന്‍റും സെക്രട്ടറിയും സസ്​പെൻഷനിലായത്​ സംഘടനക്കും വലിയ ക്ഷീണമായിട്ടുണ്ട്​. അതേസമയം, നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​ ബോർഡ്​ ചെയർമാൻ. അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ്​ അദ്ദേഹം. ബോർഡിന്‍റെ നടപടികളിൽ കടുത്ത ആരോപണങ്ങൾ സംഘടനയും ഉയർത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.