നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രചാരണം നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ നേമത്തും ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും തുറന്ന ജീപ്പിൽ പ്രചാരണം ആരംഭിച്ചു. ആറ്റിങ്ങലിൽ സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി. സുധീർ, നെടുമങ്ങാട് യുവമോർച്ച നേതാവ് യുവരാജ് ഗോകുൽ, കഴക്കൂട്ടത്ത് മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, കാട്ടാക്കട മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, പാറശാല അഡ്വ. ഗിരീഷ് നെയ്യാർ എന്നിവരും പ്രചാരണം ആരംഭിച്ചു.
എന്നാൽ ബി.ജെ.പി പ്രതീക്ഷ അർപ്പിക്കുന്ന തിരുവനന്തപുരം സെൻട്രലിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം വരാത്തതിനാലാണ് ബി.ജെ.പിയും പ്രഖ്യാപിക്കാത്തതെന്നാണ് നേതൃത്വം നൽകുന്ന വിവരം.
ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്‍റ് കരമന ജയൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകുമെന്ന നിലയിലുള്ള പ്രചാരണങ്ങളാണുണ്ടായിരുന്നത്. മണ്ഡലത്തിലെ ചുവരെഴുത്തും പ്രതിഷേധങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്. നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലുമാണ് ബി.ജെ.പി പ്രതീക്ഷവെക്കുന്ന മറ്റ് മണ്ഡലങ്ങൾ. കഴിഞ്ഞതവണ പൂട്ടിയ അക്കൗണ്ട് രാജീവ് ചന്ദ്രശേഖറിലൂടെ നേമത്ത് വീണ്ടും തുറക്കാമെന്നാണ് പ്രതീക്ഷ. മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരനിലൂടെ കഴക്കൂട്ടത്തും മുൻ ഡി.ജി.പിയും കോർപറേഷൻ കൗൺസിലറായ ആർ. ശ്രീലേഖയിലൂടെ വട്ടിയൂർക്കാവിലും അദ്ഭുതം അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഈ മണ്ഡലങ്ങളിലെല്ലാം ആർ.എസ്.എസിന്‍റെ നിലപാട് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.