പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം: പാചകവാതകക്ഷാമം രൂക്ഷമായതോടെ നിലനിൽപ്പിനായി മെനുവിൽ മാറ്റം വരുത്തി ഹോട്ടലുകൾ. താൽകാലിക ക്രമീകരണം ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാണിജ്യ സിലണ്ടറുകൾ കിട്ടായതോടെ വിറക് അടുപ്പ് ഉൾപ്പടെ ബദൽ മാർഗങ്ങൾ തേടുകയാണ്. പല ഹോട്ടലുകളും വിറകും തമിഴ്നാട് മോഡൽ അടുപ്പുമൊക്കെ ഒരുക്കിയാണ് പ്രവർത്തിക്കുന്നത്. വിറക്, അറക്കപൊടി, പോള, ഉണക്കതൊണ്ട് തുടങ്ങിയ ബദൽ മാർഗങ്ങൾ കണ്ടെത്തുകയാണ് ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ.
ഭക്ഷണ സാധനങ്ങളുടെ മെനുവിൽ കാര്യമായ മാറ്റം വരുത്തി പ്രതിസന്ധി നേരിടാനാണ് ഹോട്ടലുടമകളുടെ തീരുമാനം. പാചകത്തിന് ദീർഘനേരം ഇന്ധനം ആവശ്യമായി വരുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ പൊറോട്ടയാണ് മിക്ക ഹോട്ടലുകളിൽ നിന്നും പുറത്തായ വിഭവം. പ്രഭാത ഭക്ഷണത്തിൽ ദോശയും അപ്പവും ചപ്പാത്തിയുമൊക്കെ പലയിടത്തും പുറത്തായി.
പകരം ഇഡലിയും പുട്ടുമാണ് ഇടംപിടിച്ചത്. കുറഞ്ഞ സമയത്തിൽ കൂടുതൽ അളവിൽ ഉണ്ടാക്കിയെടുക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. സാമ്പാർ, ചമ്മന്തി, മുട്ടക്കറി, വെജിറ്റബ്ൾ കുറുമ, കടലക്കറി, ബീഫ് കറി എന്നിവയും വലിയ അളവിൽ ഉണ്ടാക്കി വിതരണം ചെയ്യുന്നു. ഉച്ചഭക്ഷണമായ ഊണ് മിക്ക ഹോട്ടലുകളും ഒഴിവാക്കി. ബിരിയാണി, മന്തി, കഞ്ഞി എന്നിവയും മിക്ക ഹോട്ടലുകളും നിലനിർത്തി. ഒറ്റത്തവണ പാചകം ചെയ്ത് തീരും വരെ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ഗ്യാസിന് പകരം വിറക് ഉപയോഗിച്ചാണ് ഇവയുടെ പാചകം. രാത്രി വിഭവങ്ങളായി മന്തിയും അൽഫാമും തുടരുമ്പോൾ ചൈനീസ് വിഭവങ്ങളും പൊറോട്ടയും പുറത്തായി.
ചായ നൽകാനായി മിക്കയിടത്തും വൈദ്യുത കെറ്റിലുകൾ ഉപയോഗിച്ച് തുടങ്ങി. വിറക് അടുപ്പും അറുക്കപൊടി ഉപയോഗിച്ചുള്ള അടുപ്പുകളും പലയിടത്തും സജ്ജീകരിച്ചിട്ടുണ്ട്.
പൂട്ടിട്ട് ചായക്കടകളും ചെറുകിട ഹോട്ടലുകളും
മലബാർ ചെറുകടി വിഭവങ്ങളുമായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ചായക്കടകൾ മിക്കതും പൂട്ടി. രാത്രിയും പകലും വലിയ തിരക്കോടെ പ്രവർത്തിച്ചവയാണ് ഇത്തരം ചായക്കടകൾ. പാചകവാതകം കിട്ടാതായതോടെ നഗരത്തിലെ ചെറുകിട ഹോട്ടലുകളും അടച്ചു തുടങ്ങി. ‘ഗ്യാസ് ഇല്ലാത്തതിനാൽ സ്ഥാപനം പ്രവർത്തിക്കില്ല’ എന്ന ബോർഡ് തൂക്കിയ സ്ഥാപനങ്ങളുമുണ്ട്. നഗരത്തിൽ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവരും പ്രതിസന്ധിയിലാണ്. ഉച്ചയൂണ് ഉൾപ്പടെ ഇവർക്ക് ലഭിക്കുന്നില്ല. ഭക്ഷണത്തിനായി പലരും പണം മുൻകൂർ നൽകിയിരുന്നു.
എന്നാൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഹോട്ടലുകൾ അടച്ചുതുടങ്ങിയതോടെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി തുടങ്ങി. പാചകവാതക പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന ബോധ്യത്തിലാണ് അവർ നാടുകളിലേക്ക് മടങ്ങുന്നത്. ബദൽ മാർഗങ്ങളിലൂടെ ഹോട്ടൽ പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോൾ തൊഴിലാളി ക്ഷാമവും പ്രതിസന്ധിയുണ്ടാക്കും.
‘പ്രതിസന്ധി മറികടക്കും’
പാചകവാതക സിലിണ്ടർ കിട്ടാത്തത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയെങ്കിലും ബദൽ മാർഗങ്ങളിലൂടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് സി. നായർ പറഞ്ഞു. ഗ്യാസിനു പകരം വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന തമിഴ്നാട് മോഡൽ അടുപ്പുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി. ഹോട്ടൽ ഭക്ഷണത്തിന്റെ മെനുവിൽ മാറ്റം വരുത്തി. ഒറ്റത്തവണ പാചകം ചെയ്യാവുന്ന ഭക്ഷണ സാധനങ്ങൾക്കാണ് പ്രധാന്യം. വരും ദിവസങ്ങളിൽ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാചകവാതക ക്ഷാമം മറികടക്കാൻ ബദൽ മാർഗങ്ങളിലേക്ക് തേടുകയാണ് ഹോട്ടൽമേഖലയും ഗാർഹിക ഉപഭോക്താക്കളും. ഗ്യാസ് അടുപ്പിന് സമാനമായ തീയും ചൂടും ലഭിക്കുന്ന തമിഴ്നാട്ടിലെ പ്രത്യേകതരം വിറക് അടുപ്പാണ് ഇപ്പോൾ തരംഗം. ഇതോടൊപ്പം പ്രത്യേകതരം വിറക് അടുപ്പുകൾക്കും പ്രചാരം വർധിക്കുന്നു.
തമിഴ്നാട്ടിൽ നിന്നുവരുന്നത് ഇരുമ്പിലും സ്റ്റീലിലും നിർമിച്ച വട്ടത്തിലുള്ള അടുപ്പുകളാണ്. ചിരട്ടയും വിറകും ഉപയോഗിച്ചാണ് പ്രവർത്തനം. ഒരു ദിവസത്തെ ഉപയോഗത്തിന് 20 മുതൽ 25 കിലോ വരെ വിറക് വേണം. വിറക് ചെറിയ കഷണങ്ങളാക്കി സ്റ്റൗവിന്റെ ഒരു ഭാഗത്തെ പാളി തുറന്ന് അകത്തേക്ക് വച്ച് അടച്ചുവെക്കുന്ന തരത്തിലാണു നിർമാണം. വലിപ്പം അനുസരിച്ച് 35,000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് വില.
സാധാരണ വിറക് അടുപ്പിനേക്കാൾ ഇന്ധനക്ഷമത ലഭിക്കുന്ന റോക്കറ്റ് അടുപ്പിനും ആവശ്യക്കാരെറെയാണ്. എൽ ആകൃതിയിൽ രൂപകൽപന ചെയ്ത അടുപ്പിൽ നിന്ന് വേഗത്തിൽ ചൂട് പാത്രത്തിലെത്തും. പുകശല്യമില്ലാത്ത അടുപ്പാണിത്. ചെറിയ സിലിണ്ടർ പോലിരിക്കുന്ന അടുപ്പാണ് ബുള്ളറ്റ് എന്ന പേരിലുള്ളത്. ഒരു കിലോഗ്രാം വിറകോ ചിരട്ടയോ ഉണ്ടെങ്കിൽ ഒന്നര മണിക്കൂർ വരെ പാചകം ചെയ്താം. ഗ്യാസ് അടുപ്പിനെക്കാൾ വേഗത്തിൽ വെള്ളം തിളപ്പിക്കാമെന്നതാണ് പ്രത്യേകത.റോക്കറ്റ്, ബുള്ളറ്റ് അടുപ്പിന് ആവശ്യം വർധിച്ചു. അടുപ്പുകളുടെ ചെറിയ മോഡലിന് 1,000 മുതൽ 2,500 രൂപ വരെയാണ് വില. ഹോട്ടലുകൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള അടുപ്പുകൾക്ക് 12,000 രൂപ മുതൽ 60,000 രൂപ വരെ വിലയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.