വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; വിവാദമായി മുന്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ​ഫേസ്​ബുക്ക് പോസ്റ്റ്​

* പുനരന്വേഷണം വേണമെന്ന്​ കോൺഗ്രസ്​ വെഞ്ഞാറമൂട്: തേമ്പാമൂട്ടില്‍ നടന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്​ബുക്ക് പോസ്റ്റ്​ വിവാദമായി. സി.പി.എം മുന്‍ വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അംഗവും പിന്നീട് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേരുകയും ഏരിയ കമ്മിറ്റി അംഗമാവുകയും ചെയ്ത ഡി. സുനിലിന്‍റെ ഫേസ്​ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനക്ക് തെളിവില്ലെന്നുമുള്ള ഫോറൻസിക്​ റിപ്പോര്‍ട്ടിലെ പരാമർശം ശരിവെക്കുന്ന തരത്തിലാണ്​ സുനിലിന്‍റെ ഫേസ്​ബുക്ക് പോസ്റ്റ്​. 2020 ആഗ്‌സറ്റ് 30നാണ് ഇരട്ടക്കൊലപാതകം നടന്നത്. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങള്‍ കോണ്‍ഗ്രുകാര്‍ നടത്തിയെന്നതായിരുന്നു ആരോപണം. സംഭവുമായി ബന്ധപ്പെട്ട് കേരളത്തിലാകമാനം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കുകയും കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു. ഒന്നാം പിണറായി മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാരും സി.പി.എം നേതാക്കളും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ 11 വകുപ്പുകള്‍ ചുമത്തി ഒമ്പതുപേരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന പൊലീസിന്‍റെ കുറ്റപത്രം തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 'തിരുവോണ നാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയുമായ ആളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചത് നിങ്ങള്‍ തന്നെയല്ലേ. ഞങ്ങള്‍ ആണോ. ആ തിരുവോണ ദിവസത്തില്‍ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാല്‍ അറിയാം എന്തുകൊണ്ട്​ തെറിവിളി കേൾക്കേണ്ടിവന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തുവെച്ച് ചില ആളുകള്‍ കാണുകയും ചോദ്യംചെയ്യുകയുമുണ്ടായി. ചോദ്യംചെയ്തവരെ ആക്രമിക്കാന്‍ മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് ഈ ചെറുപ്പക്കാരന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു. ഇതല്ലേ സംഭവം. ആ ചെറുപ്പക്കാരന്‍റെ അച്ഛന്‍റെ ധീരതയെ നിങ്ങൾ വാഴ്ത്തിപ്പാടിക്കൊള്ളൂ.' നാട്ടുകാർക്ക്​ വസ്തുതകള്‍ നന്നായി അറിയാമെന്നാണ് സുനിലിന്‍റെ ഫേസ്​ ബുക്ക്​ പോസ്റ്റില്‍ പറയുന്നത്. സുനിലിന്‍റെ വെളിപ്പെടുത്തലിനുപിന്നാലെ തേമ്പാമൂട്ടിലെ ഇരട്ടക്കൊലപാതകം പുനരന്വേഷണത്തിന്​ വിധേയമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തംലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.