* സർക്കാർ നടപടി ഭരണഘടന വിരുദ്ധമെന്ന വാദവും ശക്തം തിരുവനന്തപുരം: പ്രവർത്തന ഏകോപനം ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന തദ്ദേശഭരണ പൊതുസർവിസ് ജനങ്ങൾക്കും ജീവനക്കാർക്കും ഇരുട്ടടിയാകുമെന്ന് ആശങ്ക. സർക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്. നഗരസഭ, പഞ്ചായത്ത്, ഗ്രാമവികസനം വകുപ്പുകളാണ് സംയോജിപ്പിച്ച് തദ്ദേശഭരണ പൊതുസർവിസ് രൂപവത്കരിച്ചത്. നഗരപ്രദേശത്ത് പ്രാഥമികമേഖലക്ക് പ്രാധാന്യം നൽകുമ്പോൾ ഗ്രാമീണമേഖലയിൽ ദ്വിതീയ- ത്രിതീയ മേഖലക്ക് പ്രാധാന്യം നൽകിയുള്ള വികസനനയമാണ് നിലവിലുള്ളത്. അത് അപ്പാടെ മാറ്റിമറിക്കപ്പെടുമെന്നാണ് പ്രധാന ആശങ്ക. പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017- 22 വാർഷിക പദ്ധതി കാലയളവിൽ ആരംഭിക്കാൻ പോകുകയുമാണ്. ഈ കാലയളവിൽ സർക്കാർതലത്തിലും തദ്ദേശീയഭരണരംഗത്തും പഞ്ചവത്സര നയരൂപവത്കരണവുമായി ബന്ധപ്പെട്ട് പുതിയ നടപടികൾ സ്വീകരിക്കേണ്ട സമയവുമാണ്. എന്നാൽ, സർക്കാറിന്‍റെ ഊർജം മുഴുവൻ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ കാൽവെപ്പിലാണ്. ഇത് പതിമൂന്നാം പദ്ധതിതന്നെ അവതാളത്തിലാക്കുമെന്ന വാദങ്ങളും ശക്തമായിട്ടുണ്ട്. ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ 1993 ലാണ് തദ്ദേശഭരണരംഗത്ത് വ്യവസ്ഥാപിതവും ഏകീകൃതവുമായ മാർഗനിർദേശങ്ങൾ വന്നത്. ഭേദഗതിയുടെ കൂട്ടിച്ചേർക്കപ്പെട്ട പാർട്ട് 9ലും പട്ടിക 11ലും പഞ്ചായത്തുകളെ സംബന്ധിച്ചും പാർട്ട് 9 എയിലും പട്ടിക 12ലും നഗരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. പഞ്ചായത്തുതലത്തിൽ ത്രിതല സംവിധാനവും നഗരസഭകളിൽ അത് ഏകീകൃത സംവിധാനമാണ്. അപ്രകാരം ഭരണഘടനതന്നെ വ്യത്യസ്ത നയസമീപനം സ്വീകരിച്ച വകുപ്പുകൾ ഏകീകൃതമാക്കണമെന്ന നിലപാട് ഭരണഘടന വിരുദ്ധമെന്നാണ് മറ്റൊരു വാദം. മുൻ യു.ഡി.എഫ് സർക്കാർ വെട്ടിമുറിച്ച ഗ്രാമവിസന വകുപ്പും നഗരകാര്യവകുപ്പും പഞ്ചായത്ത് വകുപ്പും ഏകീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന സർക്കാർവാദം തെറ്റെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ യു.ഡി.എഫ് സർക്കാർ ഈ വകുപ്പുകൾ വെവ്വേറെ മന്ത്രിമാർക്ക് നൽകുക മാത്രമാണ് ചെയ്തതത്രെ. തദ്ദേശഭരണ പൊതുസർവിസ് നിലവിൽവന്നതോടെ ജീവനക്കാർ തമ്മിലെ സീനിയോറിറ്റി തർക്കം വലിയ ചർച്ചയിലേക്ക് ഇപ്പോൾതന്നെ കടന്നിട്ടുണ്ട്. പഞ്ചായത്ത് വകുപ്പിൽ എട്ട് വർഷം സീനിയോറിറ്റിയുള്ളവർ ജൂനിയർ സൂപ്രണ്ട് തസ്തികയിലും മുനിസിപ്പാലിറ്റികളിൽ 12- 15 വർഷംവരെ സേവനമുള്ളവർ യു.ഡി.സി തസ്തികയിലുമാണുള്ളത്. പുതിയ തീരുമാനംവഴി 941 പഞ്ചായത്ത് ജീവനക്കാർ സീനിയറായി മാറുകയും മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ജീവനക്കാർ അവർക്ക് കീഴിൽ ജൂനിയറായി മാറുന്ന സാഹചര്യമാണുള്ളത്. എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.