നെയ്യാറ്റിന്‍കര: എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി തുണച്ച ചരിത്രമുള്ള നെയ്യാറ്റിൻകര ഇത്തവണ ആര് പിടിച്ചെടുക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. മണ്ഡലത്തിലെ ഇതുവരെയുള്ള പ്രചരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തം. അഞ്ച് പഞ്ചായത്തും ഒരു നഗരസഭയുമടങ്ങിയ മണ്ഡലത്തില്‍ ജാതി വോട്ട് ബാങ്ക് ഉൾപ്പെടെ നിര്‍ണായകമാണ്.
നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ വോട്ട് നേടാനായത് എൻ.ഡി.എക്ക് ഇത്തവണ പ്രതീക്ഷ നല്കുന്നു. ഹാട്രിക് വിജയം തേടിയാണ് സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ ആന്‍സലന്‍ ഇത്തവണ മത്സരത്തിനിറങ്ങിയത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മുന്‍ മന്ത്രിയും സ്പീക്കറുമായ എന്‍. ശക്തൻ മത്സരത്തിന് എത്തിയതോടെ മണ്ഡലം കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പ്. 1
991, ‘96, ‘2001 തെരഞ്ഞെടുപ്പുകളിൽ തമ്പാനൂർ രവിയിലൂടെ കോൺഗ്രസ് ഹാട്രിക് വിജയം നേടിയ മണ്ഡലമാണ് നെയ്യാറ്റിൻകര. എന്നാൽ 2006ലും 2011ലും മണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നു. 2011ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച ആർ. സെൽവരാജ് സി.പി.എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സെൽവരാജിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. എന്നാൽ 2016ലും 2021ലും വിജയം എൽ.ഡി.എഫിനൊപ്പമായിരുന്നു. പ്രമുഖ വ്യവസായി ചെങ്കല്‍ രാജശേഖരനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും അതിയന്നൂർ, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം പഞ്ചായത്തുകളും ചേർന്നതാണ് നെയ്യാറ്റിൻകര നിയോജക മണ്ഡലം. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് ഭരണമാണ്. അതിയന്നൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബി.ജെ.പി ഭരണം നേടി.
ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണമാണ്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും ഭരണം പിടിക്കാൻ കഴിഞ്ഞതും എൻ. ശക്തൻ സ്ഥാനാർഥിയായി വന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു.
കെ. അൻസലൻ
നിയമസഭയിലേക്ക് നെയ്യാറ്റിൻകരയിൽ നിന്ന് തുടർച്ചയായ മൂന്നാം മത്സരം. 2016ലും 2021ലും വിജയിച്ചു. നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ്, സി.പി.എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൻ. ശക്തൻ
പതിമൂന്നാം കേരള നിയമസഭയിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ വഹിച്ചു. ഗതാഗത മന്ത്രിയായും പ്രവർത്തിച്ചു. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) വിജയിച്ചു. സ്പീക്കറായിരുന്ന ജി. കാർത്തികേയന്റെ നിര്യാണത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദവും എൽ.എൽ.ബി ബിരുദവും. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി ജയിച്ച് ആദ്യമായി സഭയിലെത്തി. 1985ൽ കോൺഗ്രസ് അംഗത്വം എടുത്തു. 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗമായി പ്രവർത്തിക്കുന്നു. നേമത്തുനിന്ന് രണ്ടു തവണയും ( 2001, 2006), കാട്ടാക്കടയിൽ നിന്ന് ഒരുതവണയും (2011) തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി.
ചെങ്കൽ എസ്. രാജശേഖരൻ നായർ
പ്രമുഖ ഹോട്ടൽ വ്യവസായി. 2021ൽ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.