തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തയാറായി 105 സ്ഥാനാർഥികൾ. വിവിധ മണ്ഡലങ്ങളിലായി 10 പേരാണ് പത്രിക പിൻവലിച്ചത്. കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് വലിയ പിന്മാറ്റം. ഇവിടെ അഞ്ച് പേരാണ് പത്രിക പിൻവലിച്ചത്. ഇതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണം 11 ആയി. കാട്ടാക്കടയിൽ മൂന്നും പാറശ്ശാലയിലും കോവളത്തും ഓരോരുത്തരും പത്രിക പിൻവലിച്ചു.
അന്തിമ ചിത്രം തെളിഞ്ഞതോടെ ഇനിയുള്ള ദിനങ്ങൾ നാടിളക്കിയുള്ള പ്രചാരണമാണ്. മുന്നണി സ്ഥാനാർഥികൾക്ക് ചില മണ്ഡലങ്ങളിൽ അപരന്മാർ വെല്ലുവിളിയാണ്.തിരുവനന്തപുരം മണ്ഡലത്തിൽ കെ.പി. സുധീർരാജ്, എസ്. ജോൺ എന്നീ സ്വതന്ത്രർ പത്രിക പിൻവലിച്ചതോടെ മുന്നണി സ്ഥാനാർഥികളുടെ അപരഭീഷണി ഇല്ലാതായി. വട്ടിയൂർകാവ് മണ്ഡലത്തിൽ അപരന്മാർ രംഗത്തുണ്ട്. എട്ട് പേർ മത്സരംഗത്തുള്ള ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന് അപരനായി കെ. പ്രശാന്തും യു.ഡി.എഫിലെ കെ. മുരളീധരന് അപരനായി പി. മുരളീധരനും രംഗത്തുണ്ട്.10 സ്ഥാനാർഥികളുള്ള നേമം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേരിനു സാമ്യമുള്ള രാജീവ്കുമാർ സ്വതന്ത്രനായി രംഗത്തുണ്ട്.
സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന കഴക്കൂട്ടത്ത് ഏഴ് പേരാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫിലെ കടകംപള്ളി സുരേന്ദ്രന് അപരനായി കെ. സുരേന്ദ്രൻ നായർ സ്വതന്ത്രനായി രംഗത്തുണ്ട്. ചിറയിൻകീഴ്, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ അഞ്ചും ആറ്റിങ്ങൽ മണ്ഡലത്തിൽ ആറും സ്ഥാനാർഥികളാണുള്ളത്.
വർക്കല, നെടുമങ്ങാട്, കോവളം മണ്ഡലങ്ങളിൽ ഒമ്പത് സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞപ്പോൾ വാമനപുരത്ത് ആറ് പേരാണ് മത്സരരംഗത്ത്. എൽ.ഡി.എഫിലെ ഡി.കെ. മുരളിയുടെ അപരനായി ജി. മുരളീധരൻ നായർ സ്വതന്ത്രനായി രംഗത്തുണ്ട്.
ഏഴ് സ്ഥാനാർഥികളുള്ള അരുവിക്കര മണ്ഡലത്തിൽ യു.ഡി.എഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന് രണ്ട് അപരന്മാരാണുള്ളത്. സ്വതന്ത്രന്മാരായ വി.എസ്. ശിവകുമാർ, എസ്. ശിവകുമാർ എന്നിവരാണ് അപരന്മാർ. എൽ.ഡി.എഫിലെ ജി. സ്റ്റീഫന് അപരനായി സ്റ്റീഫനും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.