തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിന്റെ പേരിൽ ചായക്കും ഭക്ഷണസാധനങ്ങൾക്കും വില കൂട്ടി. ഓരോ ഹോട്ടലുകളും തോന്നുന്ന പോലെയാണ് വില വർധിപ്പിച്ചത്. പാചകവാതകത്തിന് നിലവിൽ വില വർധനയില്ലെന്നിരിക്കെയാണ് ‘ക്ഷാമ’ത്തിന്റെ പേരിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയത്. തട്ടുകടകളടക്കം നഗരത്തിലെ ഭക്ഷണശാലകളിൽ ചായയുടെ വില വർധിപ്പിച്ചു. 10 രൂപ ഈടാക്കയിരുന്ന സ്ഥലങ്ങളിൽ 12 ആയാണ് വർധന. എണ്ണക്കടികൾക്കും വർധനയുണ്ട്. 15 രൂപ ഇടൗക്കിയിരുന്ന കാപ്പി വില 20 ആയി. കട്ടൻ ചായ കിട്ടാൻ 10 രൂപ നൽകണം.
സ്വന്തം നിലക്ക് വില വർധിപ്പിക്കാൻ അധികാരമില്ലെന്നിരിക്കെയാണ് തോന്നുംപടി നിരക്ക്. തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരെ വിലവർധന വിഷമത്തിലാക്കി. ഉച്ചയൂണിന് പലയിടത്തും 10 മുതൽ 30 രൂപ വരെ വർധിപ്പിച്ചു. ബിരിയാണിക്കും ചിക്കൻ, ബീഫ് ഇനങ്ങളിലും വിലക്കയറ്റം പ്രകടമായി. ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 62 ആയി വർധിപ്പിച്ച സാഹചര്യത്തിലും ഭക്ഷണവില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടിയ വില പിന്നീട് കുറയ്ക്കുകയില്ല എന്നതാണ് ഹോട്ടലുകളുടെ പ്രത്യേകത. മൂന്നിരട്ടി വില നൽകിയാണ് പാചകവാതക സിലിണ്ടറുകൾ വാങ്ങുന്നതെന്നും വിറകിന് വില കൂടിയെന്നുമൊക്കെയാണ് വില വർധനക്ക് കാരണങ്ങളായി ഹോട്ടൽ ഉടമകൾ പറയുന്നത്.
പാചകവാതക ക്ഷാമമുള്ള സമയത്ത് ഹോട്ടലുകൾ പൂട്ടിയതും നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നും അന്തർ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. അതിനാൽ ഇരട്ടി കൂലി നൽകി തൊഴിലാളികളെ ജോലിക്കെടുത്തതും ചെലവ് വർധിക്കാൻ കാരണമായതായി ഹോട്ടൽ ഉടമകൾ പറയുന്നു. പാചകവാതക ക്ഷാമത്തിനൊപ്പം പാമോയിൽ, സൺഫ്ലവർ എന്നിവയുടെ വില വർധിച്ചതും പ്രതിസന്ധിയാണെന്നാണ് ഉടമകൾ പറയുന്നത്. ഭക്ഷണ സാധനങ്ങളുടെ വില തോന്നുന്നതു പോലെ വർധിച്ചാൽ ആരോട് പരാതി പറയണമെന്നാണ് സാധാരണക്കാരായ ഉപഭോക്താക്കൾ ചോദിക്കുന്നത്. പരാതി നൽകിയാലും വില വർധന നിയന്ത്രിക്കാൻ ഇടപെടൽ ഉണ്ടാകുന്നില്ല. വില ഏകീകരണം നടപ്പിലാകുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഹോട്ടലുകളുടെ വലിപ്പ ചെറുപ്പം അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. പ്രത്യേക സാഹചര്യത്തിൽ ഭക്ഷണ വിലയുടെ കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.