തിരുവനന്തപുരം: ഇളവുകൾ ഓരോന്നായി വെട്ടിക്കുറക്കുന്നതിന് പിന്നാലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എ.സി കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽവേ നീക്കം. മിതമായ നിരക്കുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വർധനയിലാണ് റെയിൽവേയുടെ കണ്ണ്. കോവിഡിന്‍റെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കി, പകരം റിസർവേഷൻ കോച്ചുകൾ ഏർപ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവർത്തിക്കുന്നത്. പാസഞ്ചർ ട്രെയിനുകളെയെല്ലാം എക്സ്പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, എ.സി ത്രീ ടിയർ, എ.സി ടു ടിയർ എന്നീ കോച്ചുകളുടെ എണ്ണം കൂട്ടും. സ്ലീപ്പർ കോച്ചുകൾ രണ്ടായി ചുരുങ്ങുമ്പോൾ എ.സി ത്രീ ടിയർ കോച്ചുകളുടെ എണ്ണം പത്തായും എ.സി ടു ടിയർ കോച്ചുകളുടെ എണ്ണം നാലായും വർധിക്കും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200 ൽ താഴെയാണെങ്കിൽ എ.സി ത്രീ ടിയറിൽ ഇത് 500നു മുകളിലാണ്. ടു ടിയറിലേക്കെത്തുമ്പോൾ ഇതു വീണ്ടും ഉയരും. ഒരു സ്ലീപ്പർ കോച്ചിൽ 72 ബെർത്തുകളാണുള്ളത്. പരിഷ്കാരം നടപ്പായാൽ ട്രെയിനുകളിൽ നിലവിലെ 546 മുതൽ 792 വരെയുള്ള സ്ലീപ്പർ ബെർത്തുകൾ 144 ആയി കുറയും. ബദൽ മാർഗങ്ങളില്ലാതെ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നതോടെ യാത്രക്കാരുടെ പോക്കറ്റാകും ചോരുക. കോച്ചുകളുടെ ഘടന ഏകീകരിക്കൽ എന്ന പേരിലാണ് പുതിയ പരിഷ്കാരനീക്കം. ഏതെങ്കിലും ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ ബന്ധപ്പെട്ട സോൺ കൃത്യമായ കാരണവും വിശദീകരണവും സഹിതം റെയിൽവേ ബോർഡിനെ സമീപിക്കണം. കോവിഡിന്‍റെ മറവിൽ പാസഞ്ചറുകൾ നിർത്തലാക്കുകയും പകരം ഇതേ സമയത്ത് എക്സ്പ്രസുകൾ ഓടിക്കുകയും ചെയ്തതോടെ ഹ്രസ്വദൂരയാത്രകൾക്കടക്കം ചെലവേറിയിരുന്നു. ചെറിയ ദൂരത്തേക്ക് പോലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടി വരുന്നത്. മാത്രമല്ല നേരത്തേ പാസഞ്ചറുകൾക്കുണ്ടായിരുന്ന സ്റ്റോപ്പുകളും വെട്ടിക്കുറച്ചത് ഗ്രാമങ്ങളുടെ റെയിൽ കണക്ടിറ്റിവിറ്റിതന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറുകളാണ് കോവിഡിന്‍റെ സാഹചര്യത്തിൽ നിർത്തലാക്കിയത്. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.