കിളിമാനൂർ തലവിളയിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിടെ പൊലീസ് ലാത്തി വീശി

important രണ്ട് യൂത്ത് കോൺഗ്രസ്​ പ്രവർത്തകർക്ക് പരിക്ക് കിളിമാനൂർ: കല്ലമ്പലം, കിളിമാനൂർ പൊലീസ് സ്റ്റേഷൻ അതിർത്തി പ്രദേശമായ തലവിളയിൽ യൂത്ത് കോൺഗ്രസ് പ്രകടനം അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ കേശവപുരം സി.എച്ച്.സിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ഞായറാഴ്ച നടത്തിയ പ്രകടനം പാർട്ടി നേതൃത്വത്തിനെരെയുള്ള പ്രതിഷേധമായിരുന്നു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻറ് അനസ് എ.ജെ, കെ.എസ്.യു വർക്കല മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് തലവിളമുക്കിൽ സംഘർഷം ഉണ്ടായത്. ശനിയാഴ്ച യൂത്ത് കോൺഗ്രസ് ടൗണിൽ നടത്തിയ പ്രകടനത്തിനിടെ സി.പി.എമ്മിന്‍റെ കൊടി നശിപ്പിച്ചിരുന്നു. വിഷയത്തിൽ സി.പി.എം പ്രതിഷേധിച്ചതോടെ രാത്രി കോൺഗ്രസ് പാർട്ടി നേതൃത്വം ഇടപെട്ട് കൊടി നശിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെകൊണ്ടുതന്നെ കൊടി തിരികെ കെട്ടിച്ചു. ഇതിന് നേതൃത്വം നൽകിയത് കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡൻറായ എം.എം. താഹയായിരുന്നു. നേതൃത്വത്തിന്‍റെ നിലപാടിൽ യുവാക്കൾ പ്രതിഷേധിച്ചു. ഞായറാഴ്ച യൂത്ത് കോൺഗ്രസ് വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിക്കുഴി ജങ്ഷനിൽനിന്നും തലവിളയിലേക്ക് പ്രകടനം നടത്തി. പൊലീസ് ജങ്ഷനിൽ പ്രകടനം തടഞ്ഞു. തുടർന്ന് നടന്ന സമ്മേളനം എം.എം. താഹ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊലീസിനെ തള്ളിമാറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾ വീണ്ടും തകർത്തു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് ലാത്തി അടിയേറ്റ് രണ്ടുപേർക്ക് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.