പാട്ട കുടിശ്ശിക: ടെന്നിസ് ക്ലബ് ഉടൻ അടയ്​ക്കണമെന്ന് കലക്ടറുടെ നിർദേശം

important തിരുവനന്തപുരം: ടെന്നിസ് ക്ലബ് പാട്ട കുടിശ്ശിക വരുത്തിയ 33.27 കോടി രൂപ ഉടൻ അടയ്​ക്കണമെന്ന് കലക്ടറുടെ നിർദേശം. 2016 മുതൽ 2023 മാർച്ച് 31 വരെയുള്ള പാട്ട കുടിശ്ശിക അടയ്​ക്കണമെന്ന ഉത്തരവ് ക്ലബിന് കൈമാറി. ക്ലബ് കൈവശം വെച്ചിരിക്കുന്ന 191 മുതൽ 211 വരെ അഞ്ച്​ സർവേ നമ്പറുകളിൽപെട്ട 4.07 ഏക്കർ ഭൂമിയുടെ പാട്ട കുടിശ്ശികയായി 33,27,08,784 രൂപ അടയ്​ക്കണമെന്നാണ് സർക്കാർ ഉത്തരവ്. കാലാവധി മറ്റന്നാൾ അവസാനിക്കും. നേരത്തേ ടോം ജോസ് ചീഫ് സെക്രട്ടറി ആയിരുന്ന കാലത്ത് കുടിശ്ശിക ഒരു കോടി രൂപയാക്കി കുറച്ചത് വിവാദമായിരുന്നു. പിന്നീട് ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായപ്പോഴും ക്ലബിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. എന്നാൽ, മന്ത്രിസഭായോഗത്തിൽ വിഷയം വന്നപ്പോൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്നത്തെ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിങ്ങിന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ഭൂമിയുടെ ന്യായവിലയുടെ അഞ്ച്​ ശതമാനം ആയി പാട്ടക്കുടിശ്ശിക കുറക്കണമെന്ന ശിപാർശ കമ്മിറ്റി സർക്കാറിന്​ കൈമാറി. നിലവിൽ കമ്പോള വിലയുടെ അഞ്ച്​ ശതമാനം പാട്ട കുടിശ്ശിക ഈടാക്കണമെന്നാണ്​ ചട്ടം. 1950 ഓഗസ്റ്റ് 16നാണ് ടെന്നിസ് ക്ലബിന് 25 വർഷത്തേക്ക് പാട്ടത്തിന്​ ഭൂമി നൽകിയത്. 1975ൽ വീണ്ടും 50 വർഷത്തേക്ക് കാലാവധി നീട്ടി നൽകി. ഇടക്ക് സർക്കാർ ഈ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും റദ്ദാക്കി. അതേസമയം, കായികരംഗത്തെ ഉയർച്ചക്കായി ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചുള്ള നിലപാട് എടുക്കണമെന്ന് അഭ്യർഥിച്ച് സർക്കാറിന് കത്ത് നൽകിയതായി ടെന്നിസ് ക്ലബ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.