തലസ്ഥാനത്ത്​ മുഖ്യമന്ത്രിക്ക്​ വീണ്ടും കരി​ങ്കൊടി

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട്​ തലസ്ഥാനത്ത്​ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരി​​​ങ്കൊടി പ്രതിഷേധം. യൂത്ത്​ കോൺഗ്രസ്​, ബി.ജെ.പി പ്രവർത്തകരാണ്​ മൂന്ന്​ സ്ഥലങ്ങളിലായി മുഖ്യമന്ത്രിയെ കരി​ങ്കൊടി കാണിച്ചത്​. തിങ്കളാഴ്ച നടന്നതിന്‍റെ തുടർച്ചയായ സമരങ്ങളാണ്​ ചൊവ്വാഴ്ചയും അരങ്ങേറിയത്​. വിളപ്പിൽശാല ഇ.എം.എസ്​ അക്കാദമിയിലേക്ക്​ മുഖ്യമ​ന്ത്രി പുറപ്പെടുന്നതിന്​ മുമ്പ്​ വസതിക്ക്​ ​തൊട്ടടുത്ത ദേവസ്വം ബോർഡ്​ ജങ്​ഷനിൽ കറുത്ത വേഷമണിഞ്ഞ്​ എത്തിയ നാല്​ മഹിള മോർച്ച പ്രവർത്തകരെ പൊലീസ്​ പിടികൂടി. ഇവരെ നീക്കുന്നതിന്​ മുമ്പുതന്നെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി. കനത്ത പൊലീസ്​ നിരീക്ഷണമുണ്ടായിരുന്ന ഇവിടെ ഇവർ കൂട്ടംകൂടാതെ ഒറ്റക്കൊറ്റക്കാണ്​ പ്രതിഷേധത്തിനെത്തിയത്​. രണ്ടുപേരെ ആദ്യം പൊലീസ്​ പിടികൂടി വാഹനത്തിലേക്ക്​ മാറ്റി. തുടർന്ന്​ മറ്റുഭാഗത്തുനിന്ന്​​ രണ്ടുപേരെക്കൂടി പിടികൂടുകയായിരുന്നു. വിളപ്പിൽശാലയിലേക്കുള്ള റോഡിൽ കനത്ത സുരക്ഷയാണ്​ ഒരുക്കിയത്​. ഇ.എം.എസ്​ അക്കാദമിയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. അനുമതിയില്ലെന്ന നിലപാടാണ്​ പൊലീസ്​ അറിയിച്ചത്​. അക്കാദമിയിൽനിന്ന്​ മടങ്ങവെ വിളപ്പിൽശാലയിൽ യൂത്ത്​ കോൺ​ഗ്രസ്​ പ്രവർത്തകർ കരി​ങ്കൊടി പ്രതിഷേധം നടത്തി. ഇവരെ പൊലീസ്​ കീഴ്​പ്പെടുത്തി പിടിച്ചുവെക്കുന്നതിനിടയിലാണ്​ മുഖ്യമന്ത്രിയുടെ വാഹനം കടന്നുവന്നത്​. ഇവിടെ യുവമോർച്ച പ്രവർത്തകരും കരി​ങ്കൊടി പ്രതിഷേധം നടത്തി. കുണ്ടമൺകടവിൽ ബി.ജെ.പി പ്രവർത്തകർ കരി​ങ്കൊടി കാണിച്ചു. ഇവരെയും പൊലീസ്​ നീക്കം ചെയ്തു. വാഹനം തടഞ്ഞും റോഡ്​ അടച്ചും കനത്ത സുരക്ഷയാണ്​ തലസ്ഥാനത്ത്​ മുഖ്യമന്ത്രിക്കായി പൊലീസ്​ ഒരുക്കിയത്​. ​സെക്രട്ടേറിയറ്റ്​, കന്‍റോൺമെന്‍റ് ഹൗസ്​​, ക്ലിഫ്​ ഹൗസ്​ മേഖലയിലെല്ലാം കനത്ത നിരീക്ഷണവും ഏർപ്പെടുത്തി. മുഖ്യമന്ത്രിക്ക്​ പിന്തുണ അർപ്പിച്ചും അക്രമത്തിൽ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടന പ്രകടനം നടത്തി. ഓഫിസ്​ സമയത്തായിരുന്നു​ പ്രകടനമെന്ന്​ ആരോപണമുയർന്നിട്ടുണ്ട്​. ഉച്ചക്ക്​ 12.30ഓടെയാണ്​ പ്രകടനം ആരംഭിച്ചത്​. ഉച്ചസമയത്തെ ഇടവേളയിൽ സമരത്തിന്​ വിലക്കില്ല. വൈകുന്നേരം അയ്യൻകാളി ഹാളിൽ ചടങ്ങിന്​ പോകുമ്പോൾ പ്രതിഷേധങ്ങളൊന്നും മുഖ്യമന്ത്രിക്കുനേരേ ഉണ്ടായില്ല. ഇടതുമുന്നണി യോഗം കഴിഞ്ഞ്​ എ.കെ.ജി സെന്‍ററിൽനിന്നാണ്​ അദ്ദേഹം എത്തിയത്​. പബ്ലിക്​ ലൈബ്രറിയുടെ വശത്തുകൂടിയുള്ള വൺവേ റോഡ്​ ഇതിനായി പൊലീസ്​ സജ്ജമാക്കുകയായിരുന്നു. എസ്​.എഫ്​.ഐ പ്രവർത്തകർ ഇവിടെ മുഖ്യമ​ന്ത്രിക്ക്​ അഭിവാദ്യം അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.