തിരുവനന്തപുരം: ജസ്റ്റിസ് ജംഷാദ് ബി. പർദിവാലയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 58 എം.പിമാർ ഒപ്പിട്ട കരട് പ്രസ്താവന പാർലമെന്‍റിന്‍റെ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചതെന്ന് മദ്രാസ് ഹൈകോടതി മുൻ ജഡ്ജി കെ. ചന്ദ്രു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വർഷം മുമ്പ് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരിക്കെ, സംവരണം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വിധിച്ചയാളാണ് ജസ്റ്റിസ് പർദിവാല. സാമൂഹികനീതിക്കുവിരുദ്ധമായ വിധിയാണിത്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട പദവിയിലിരിക്കുന്ന ഒരാളിൽനിന്നാണ് ഈ വിധിയുണ്ടായത്. വിധി തന്‍റെ ഉയർച്ചക്ക് വിഘാതമാകുമെന്ന് കണ്ട പർദിവാല സുവോമോട്ടോ ഉത്തരവിലൂടെ വിവാദ ഖണ്ഡിക നീക്കംചെയ്തതായി വിധിച്ചു. എന്നാൽ, കോടതിയിൽ ഒരിക്കൽ വിധിച്ച ഏത് ഉത്തരവും രേഖകളിൽ കാണുമെന്നതാണ് വസ്തുത. സീനിയർ ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ആകാത്ത പർദിവാലയെ സുപ്രീംകോടതിയിലേക്ക് ഉയർത്തി. അതേസമയം, കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് 16 വർഷത്തെ പരിചയവും രണ്ടര വർഷം ചീഫ് ജസ്റ്റിസ് ആയിരുന്നിട്ടും പരിഗണിച്ചില്ല. അദ്ദേഹം പട്ടികജാതി സമുദായത്തിൽപെട്ടയാളാണ്. ജുഡീഷ്യൽ സർവിസിൽ സീനിയറുമാണ്. എപ്പോഴൊക്കെ മർദിത ജാതിയിൽപെട്ടവർ തഴയപ്പെടുന്നതിനെകുറിച്ച ചോദ്യം ഉയരുന്നുവോ അപ്പോഴൊക്കെ യോഗ്യതയുള്ളവർ വരട്ടെ അപ്പോൾ പരിഗണിക്കാമെന്നാണ് മറുപടി. ഇപ്പോൾ യോഗ്യതയുള്ളവരുണ്ട്. പരിഗണിച്ചില്ല. ജസ്റ്റിസ് പർദിവാല 2023 മുതൽ രണ്ടു വർഷം ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആവും. സംവരണത്തെ എതിർക്കുന്നവർക്ക് ഉന്നത പദവികളിൽ നിയമനം നൽകുമ്പോൾ ചവിട്ടിമെതിക്കപ്പെട്ട സമുദായത്തിൽപെട്ടവർ ശിക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാധാകൃഷ്ണൻ. പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, പ്രസിഡന്‍റ് എസ്. അജയകുമാർ, എം. വിജയകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.