തിരുവനന്തപുരം: കേരളമാകെ പടർന്ന യു.ഡി.എഫ് തരംഗപ്രവാഹത്തിൽ ജില്ലയിലും ഇടതുകോട്ടകൾ തകർന്നു. എൽ.ഡി.എഫ് ഉറപ്പിച്ച മണ്ഡലങ്ങളിൽ പലതും ‘കൈ’പിടിച്ചപ്പോൾ രണ്ട് മണ്ഡലങ്ങളിൽ താമര വിരിയിച്ച് ബി.ജെ.പിയും ശക്തമായ സാന്നിധ്യമറിയിച്ചു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഒമ്പതും ഇടതുപക്ഷത്തിന് നഷ്ടമായി. യു.ഡി.എഫ് ആറ് മണ്ഡലങ്ങൾ തിരിച്ചുപിടിച്ചു. കോവളം നിലനിർത്തിയതുൾപ്പടെ ഏഴ് സീറ്റുകൾ യു.ഡി.എഫിന് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫിന് എട്ടെണ്ണം നഷ്ടമായി. നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി ജയിച്ചു.
ത്രില്ലർ സിനിമയെ വെല്ലുംവിധമാണ് വോട്ടെണ്ണലിന്റെ ഓരോ നിമിഷവും കടന്നുപോയത്. രാവിലെ എട്ടോടെ തപാൽ വോട്ടുകൾ എണ്ണിയപ്പോൾതന്നെ യു.ഡി.എഫിന് മുൻതൂക്കമുണ്ടായി. വോട്ടിങ് യന്ത്രത്തിലെ ഓരോ കണക്കും പുറത്തുവന്നതോടെ പിരിമുറക്കവും ആകാംക്ഷയും വർധിച്ചു. ഓരോ മണ്ഡലത്തിലും ലീഡ്നില നിമിഷങ്ങൾകൊണ്ട് മാറിമറിയുന്നുണ്ടായിരുന്നു. നഷ്ടമാകില്ലെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിൽ യു.ഡി.എഫ് ലീഡ് ചെയ്തതോടെ ഇടതുക്യാമ്പ് അങ്കലാപ്പിലായി. തുടക്കംമുതൽ ഒരു മണ്ഡലത്തിലും വ്യക്തമായ ലീഡ്നില കൈവരിക്കാൻ എൽ.ഡി.എഫിനായില്ല. വർക്കലയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ സി.പി.എമ്മിലെ വി. ജോയ് ലീഡ് ചെയ്തെങ്കിലും ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസിലെ വർക്കല കഹാർ രംഗത്തുണ്ടായിരുന്നു. ലീഡ്നില മാറിമറിഞ്ഞ നിമിഷങ്ങൾക്കൊടുവിൽ 2050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയി വിജയിച്ചത്. ആറ്റിങ്ങലിൽ ബി.ജെ.പി വെല്ലുവിളി ഉയർത്തിയെങ്കിലും ലീഡ് പതിനായിരത്തിനുമുകളിൽ എത്തിക്കാൻ സി.പി.എമ്മിലെ ഒ.എസ്. അംബികക്ക് കഴിഞ്ഞു.
ചിറയിൻകീഴാണ് തലസ്ഥാനത്തെ ആകാംക്ഷയിലാക്കിയ മറ്റൊരു മണ്ഡലം. മുൻ എം.പി കൂടിയായ രമ്യ ഹരിദാസാണ് കോൺഗ്രസിനായി രംഗത്തുണ്ടായിരുന്നത്. സി.പി.ഐ തുടർച്ചയായി വിജയിക്കുന്ന മണ്ഡലത്തിൽ വെല്ലുവിളിയുണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. തുടക്കത്തിൽ സി.പി.ഐയിലെ മനോജ് എടമന ലീഡ് ചെയ്തെങ്കിലും സ്ഥിരത കൈവരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 1422 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രമ്യ അട്ടിമറി ജയം നേടി.
നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐക്ക് വലിയ വെല്ലുവിളിയുണ്ടായില്ല. മണ്ഡലം നിലനിർത്താനിറങ്ങിയ ജി.ആർ. അനിൽ 21,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ജില്ലയിൽ ഇടതു സ്ഥാനാർഥിക്ക് കിട്ടിയ ഉയർന്ന ഭൂരിപക്ഷവും അനിലിന്റേതാണ്. വാമനപുരമാണ് ശ്രദ്ധേയമായ അട്ടിമറി നടന്ന ജില്ലയിലെ മറ്റൊരു മണ്ഡലം. കോൺഗ്രസ് യുവനേതാവ് സുധീർഷാ പാലോട് തുടക്കംമുതൽ വോട്ടെണ്ണലിൽ ലീഡ് നിലനിർത്തി. ഒടുവിൽ 12,185 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് മണ്ഡലം തിരിച്ചുപിടിച്ചത്. മണ്ഡലം നിലനിർത്തുമെന്ന് ഉറപ്പിച്ച എൽ.ഡി.എഫിലെ ഡി.കെ. മുരളിയാണ് തിരിച്ചടി നേരിട്ടത്.
ത്രികോണമത്സരം നടന്ന കഴക്കൂട്ടത്തും ലീഡ്നില മാറിമറിഞ്ഞു. തുടക്കംമുതൽ ബി.ജെ.പിയിലെ വി. മുരളീധരനും സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രനും ലീഡിൽ മാറിമാറി വന്ന മണ്ഡലത്തിൽ അവസാന റൗണ്ടിലെ വോട്ടെണ്ണലാണ് ഫലം നിശ്ചയിച്ചത്. അതുവരെ നേരിയ ലീഡ് നിലനിർത്തിയ കടകംപള്ളി 428 വോട്ടിന് മുരളീധരനോട് പരാജയപ്പെട്ടു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വട്ടിയൂർക്കാവിൽ കോൺഗ്രസിലെ കെ. മുരളീധരൻ 5425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലം നിലനിർത്താനിറങ്ങിയ സി.പി.എമ്മിലെ വി.കെ. പ്രശാന്ത് മിക്കപ്പോഴും ലീഡ് നിലനിർത്തി വിജയ പ്രതീക്ഷയുണ്ടാക്കിയെങ്കിലും അവസാന റൗണ്ടിൽ എല്ലാം മാറിമറിഞ്ഞു. കടുപ്പമേറിയ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ സി.എം.പിയിലെ സി.പി. ജോൺ 9863 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നേരിയ ലീഡോടെ മുന്നേറിയ സി.പി. ജോണിനെ മറികടന്ന് ബി.ജെ.പിയിലെ കരമന ജയൻ മുന്നിലെത്തിയത് ഏവരെയും ഞെട്ടിച്ചു. നേരിയ ലീഡോടെ കരമന ജയൻ ലീഡ് ചെയ്തെങ്കിലും വോട്ടെണ്ണൽ പൂർത്തിയായതോടെ മൂന്നാംസ്ഥാനത്തേക്ക് വീണു. എൽ.ഡി.എഫ് സ്വതന്ത്രൻ സുധീർ കരമനയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
സംസ്ഥാനം ഒറ്റുനോക്കിയ നേമം മണ്ഡലം മാറിമറിഞ്ഞ ലീഡുകൾക്കൊടുവിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പിടിച്ചെടുത്തു. 4978 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ വി. ശിവൻകുട്ടിയെ പിന്തള്ളിയാണ് മുന്നേറിയത്. ശക്തമായ മത്സരം നടന്ന അരുവിക്കരയിലും ലീഡ് ഇരുമുന്നണികൾക്കും മാറിമാറി വന്നു. ഒടുവിൽ 2843 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ ജി. സ്റ്റീഫൻ കോൺഗ്രസിലെ വി.എസ്. ശിവകുമാറിനെ മറികടന്നു. കടുത്ത വെല്ലുവിളികളില്ലാതെ പാറശ്ശാല മണ്ഡലം 15,013 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.കെ. ഹരീന്ദ്രൻ നിലനിർത്തി. കോൺഗ്രസിലെ നെയ്യാറ്റിൻകര സനലാണ് രണ്ടാമത്.
കാട്ടാക്കടയിൽ സി.പി.എമ്മിലെ ഐ.ബി. സതീഷ് തുടക്കം മുതൽ ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണൽ പുരോഗമിച്ചതോടെ കോൺഗ്രസിന്റെ പുതുമുഖം എം.ആർ. ബൈജു മുന്നിലെത്തി. 7136 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബൈജു വിജയിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എം. വിൻസെന്റ് കോവളം മണ്ഡലം നിലനിർത്തിയത് -32,709. ഇടതുകോട്ടയായ നെയ്യാറ്റിൻകര മികച്ച മത്സരത്തിനൊടുവിൽ എൻ. ശക്തൻ പിടിച്ചെടുത്തു. ഹാട്രിക് വിജയം തേടിയിറങ്ങിയ കെ. ആൻസലനെയാണ് മറികടന്നത്. വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞതോടെ കോൺഗ്രസ് ആസ്ഥാനത്തേക്ക് പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. മധുരം വിതരണം ചെയ്തും ആവേശത്താൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ഉജ്ജ്വല വിജയം കൊഴുപ്പിച്ചു. അതേസമയം ആളൊഴിഞ്ഞ് മൂകത തളംകെട്ടിയ അന്തരീക്ഷത്തിലായിരുന്നു എ.കെ.ജി സെന്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.