തൃശൂർ: ജില്ലയിലെ വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ കാട്ടാന ആക്രമണത്തെ നേരിടാൻ ഫലപ്രദമായ മാർഗങ്ങൾ സർക്കാർ നടപ്പാക്കാത്തതിനെതിരെ ഹൈകോടതിയിൽ ഹരജി.
ജില്ല പഞ്ചായത്ത് പ്രതിപക്ഷകക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റാണ് ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഈ കാര്യത്തിൽ വനം വകുപ്പിന് എന്താണ് ബോധിപ്പിക്കാനുള്ളതെങ്കിൽ ആയത് തിങ്കളാഴ്ചക്കുള്ളിൽ ബോധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ജോസഫ് ടാജറ്റ് പ്രതിനിധാനം ചെയ്യുന്ന പുത്തൂർ ഡിവിഷനിലെ കള്ളായി, വെള്ളാനിക്കോട്, മരോട്ടിച്ചാൽ, മന്ദാമംഗലം, താമരവെള്ളച്ചാൽ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണം പതിവാണ്. നിരവധി പരാതി അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായില്ല. പാലപ്പിള്ളിയിൽ കാട്ടാന രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെ ജനം വലിയ ഭീതിയിലാണ്. രണ്ട് വർഷത്തിനിടെ അമ്പതിൽപരം ആക്രമണങ്ങൾ പീച്ചി വൈൽഡ് ലൈഫ്, പട്ടിക്കാട്, പാലപ്പിള്ളി, ചിമ്മിനി വൈൽഡ് ലൈഫ്, വെള്ളിക്കുളങ്ങര റേഞ്ചുകളിലായി നടന്നിട്ടുണ്ടെന്ന് ജോസഫ് ടാജറ്റ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, തൃശൂർ, ചാലക്കുടി ഡി.എഫ്.ഒമാർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ, കലക്ടർ എന്നിവരാണ് എതിർകക്ഷികൾ. ത്രിതല പഞ്ചായത്തുതലത്തിലും സർക്കാർതലത്തിലും ഈ ആവശ്യവുമായി യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും മൃഗങ്ങളെ തടയാൻ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്ന് തങ്ങൾക്ക് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. കേന്ദ്രസർക്കാർ ഈ കാര്യത്തിലേക്ക് അനുവദിച്ച സംഖ്യപോലും ചെലവഴിച്ചിട്ടില്ലെന്നും ഗുരുതര വീഴ്ചയാണെന്നും അഡ്വ. ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.