കുന്നംകുളം: അന്യം നിന്നു പോകുന്ന മുച്ചക്ര സൈക്കിളിലെ വെണുവിന്റെ ജീവിത യാത്രക്ക് നാലു പതിറ്റാണ്ട്. കുന്നംകുളം കോട്ടയിൽ റോഡിൽ കോട്ടൂർ വീട്ടിൽ 66കാരനായ വേണു മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ച് തൊഴിൽ ചെയ്ത് ജീവിതമാരംഭിച്ച് 38 വർഷം പിന്നിടുകയാണ്. അഞ്ചാം ക്ലാസ് വരെ പഠിച്ച ശേഷം മദ്രാസിലെത്തിയ വേണു 15 വർഷം സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്ത് നാട്ടിലെത്തിയ ശേഷമാണ് 1987ൽ മുചക്രവണ്ടിയിൽ കഠിനധ്വാനം തുടങ്ങിയത്.
കൊടും വെയിലത്തും മഴയത്തും വിശ്രമമില്ലാത്ത ഈ തൊഴിലിൽ സന്തോഷം കാണുകയാണ് വയോധികൻ. വർഷങ്ങൾക്ക് മുൻപ് 3500 രൂപക്ക് മുചക്ര വണ്ടി ബാങ്കിൽ നിന്ന് വായ്പയെടുത്താണ് സ്വന്തമാക്കിയത്. അക്കാലത്ത് കുന്നംകുളത്തിന്റെ പുസ്തക പെരുമയിൽ മുച്ചക്ര സൈക്കിൾ വലിയൊരു സ്വാധീനമായിരുന്നു. പുസ്തകം, പേപ്പർ എന്നിവ ബുക്ക് കമ്പനികൾ, പാർസൽ സർവിസ്, ബസ് സ്റ്റാൻഡ് എന്നിടങ്ങളിലേക്ക് എത്തിക്കാൻ കച്ചവടക്കാർ ആശ്രയിച്ചിരുന്നത് ഇത്തരം വണ്ടികളായിരുന്നു. കാലങ്ങൾ പിന്നിട്ടതോടെ പലരും വിവിധ മേഖലകളിലേക്ക് മാറി.
ആദ്യ വണ്ടി തുരുമ്പെടുത്ത് നശിച്ചതോടെ 2018ൽ മറ്റൊരു വാഹനം മക്കളായ സുരേഷ്, പ്രദീഷ് എന്നിവരുടെ സഹായത്തോടെ ഉണ്ടാക്കി. തൊഴിലെടുത്ത് ജീവിതമാരംഭിച്ച ശേഷം ഇക്കാലയളവിൽ വേണുവിന് ഇത് രണ്ടാമത്തെ സൈക്കിളാണ്. കാലത്തിന്റെ മാറ്റങ്ങൾ പണിയെ കൈവിട്ടെങ്കിലും സ്വന്തം ചക്രത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. അഭിമാനത്തോടെ ജോലി ചെയ്യുന്ന ഇദ്ദേഹം ഇനി മറ്റൊരു ജോലിയിലേക്കില്ലെന്ന നിലപാടിലാണ്. സ്വതന്ത്ര്യ ട്രേഡ് യൂനിയൻ തൊഴിലാളി അംഗമാണ്. ശകുന്തളയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.