തൃശൂർ പൂരം വിളംബരത്തിന് എറണാകുളം ശിവകുമാർ; ഒരുക്കം കൊച്ചിൻ ദേവസ്വം ബോർഡ് വിലയിരുത്തി

തൃശൂർ: തൃശൂർ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പൻ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോർഡിന്‍റെ തന്നെ ക്ഷേത്രമായ നെയ്തലക്കാവ് ദേവസ്വത്തിന് വേണ്ടി സ്വന്തം ആനയെ എഴുന്നള്ളിക്കാൻ ചൊവ്വാഴ്ച ചേർന്ന ബോർഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗമാണ് തീരുമാനമെടുത്തത്. മേയ് ഒമ്പതിനാണ് പൂര വിളംബരം.

അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂര വിളംബരം മാറി. വിലക്കിനെ തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നുപോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽനിന്നും പ്രതിഷേധങ്ങളുമുയർന്നിരുന്നു. കോവിഡിന് മുമ്പുള്ള 2019ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്. അന്ന് വിലക്കിനിടയിൽ ഒരുമണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്.

2020ൽ പൂരം പൂർണമായും ചടങ്ങുകളിലൊതുക്കി. 2021ൽ പാറമേക്കാവും തിരുവമ്പാടിയും പങ്കെടുത്തുള്ള ചടങ്ങുകളായി ആഘോഷിക്കാൻ തീരുമാനിച്ചപ്പോഴും തെക്കേഗോപുര വാതിൽ തുറന്നത് എറണാകുളം ശിവകുമാർ അയിരുന്നു.

പൂരം ഒരുക്കങ്ങൾ ബോർഡ് വിലയിരുത്തി. ചെമ്പൂക്കാവ്, ലാലൂർ, കാരമുക്ക്, ചൂരക്കോട്ട്കാവ്, അയ്യന്തോൾ, നൈതലക്കാവ്, പനമുക്കംപിള്ളി, കണിമംഗലം ക്ഷേത്രങ്ങളിലെ ഭാരവാഹികൾ പങ്കെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡിൽനിന്നും ഘടക ക്ഷേത്രങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഈ വർഷവും അനുവദിക്കും. പ്രസിഡന്‍റ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ, കമീഷണർ എൻ. ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, തൃശൂർ ഗ്രൂപ് അസി. കമീഷണർ എം.ജി. ജഗദീഷ്, വടക്കുന്നാഥൻ ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, ദേവസ്വം ഓഫിസർമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മേയ് 10നാണ് പൂരം.

വിഷുക്കൈനീട്ടം: പൊതുജനങ്ങളിൽനിന്ന് പണം വാങ്ങരുത്

തൃശൂർ: വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽനിന്ന് പണം വാങ്ങരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കായിട്ടാണ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷുക്കൈനീട്ടത്തിനെന്ന പേരിൽ പൊതുജനങ്ങളിൽനിന്ന് പണം ശേഖരിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്തിയിരുന്ന ചിലർ വിഷുനാളിൽ കൈനീട്ടം വിതരണം ചെയ്യാനായി പണം കൈമാറുന്നത് സംബന്ധിച്ചും ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.  

Tags:    
News Summary - Thrissur Pooram Tusker Ernakulam Sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.