മനസ്സ് നിറച്ച് സാമ്പ്ൾ വെടിക്കെട്ട്

തൃശൂര്‍: അക്ഷമയും ആകാംക്ഷയും നിറഞ്ഞ മണിക്കൂറുകളെ അപ്രസക്തമാക്കി പൂരനഗരിയെ വിറപ്പിച്ച് സാമ്പ്ൾ വെടിക്കെട്ട്. നിശ്ചിത സമയത്തിൽനിന്ന് ഒരുമണിക്കൂർ വൈകിയാണ് സാമ്പ്ളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിന്‍റെയും പെയ്തിറക്കം. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരികൊളുത്തുമെന്നാണ് പറഞ്ഞതെങ്കിലും പരിശോധനകൾ പൂർത്തിയാക്കി എട്ട് മണിയോടെയാണ് അനുമതിയായത്.

നിമിഷങ്ങൾക്കകം തേക്കിൻകാടിന് 'തീപടർന്നു'. അമിട്ടുകളും ഗുണ്ടുകളും കൃത്യമായ പാകത്തിൽ ചേർത്ത് വാനിൽ പൊട്ടിച്ച് പാറമേക്കാവിനുവേണ്ടി ആദ്യമായി വെടിക്കെട്ട് ഒരുക്കിയ വർഗീസ് തഴക്കവും വഴക്കവും ചെന്നയാളാണെന്ന് തെളിയിച്ചു. ഓലപ്പടക്കത്തിൽനിന്ന് പിന്നെ അമിട്ടിലേക്ക്.... ആകാശത്ത് അഗ്നിയുടെ ഭൂകമ്പം.

പൂരത്തിലെ പ്രധാന വെടിക്കെട്ടിലെ എല്ലാ ചേരുവകളും ചേർത്ത് തന്നെയായിരുന്നു സാമ്പ്ളും. ഏഴ് മിനിട്ട് നഗരം വിറക്കുകയായിരുന്നു. മുക്കാൽ മണിക്കൂറിനുശേഷമാണ് തിരുവമ്പാടി സാമ്പ്ളിന് തിരികൊളുത്തിയത്.

തിരുവമ്പാടിക്കുവേണ്ടി ആദ്യമായി വനിത വെടിക്കെട്ടൊരുക്കുന്നതിന്‍റെ ആകാംഷ പൂരാസ്വാദകർക്കും വെടിക്കെട്ട് പ്രേമികൾക്കെല്ലാമുണ്ടായിരുന്നു. അതിനുള്ള കാത്തിരിപ്പിലായിരുന്നു നഗരം. കാത്തിരുന്ന് മടുത്തവരുടെ മുഖം ഒടുവിൽ തെളിഞ്ഞു. വെടിമരുന്നിൽ ജീവിക്കുന്ന കുണ്ടന്നൂർ കുടുംബത്തിന്‍റെ പൈതൃകം ഓർമിപ്പിച്ചാണ് സുരേഷിന്‍റെ ഭാര്യ ഷൈനി കരിമരുന്നിലെ കരവിരുത് തെളിയിച്ചത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ തന്നെ തേക്കിൻകാട് സാമ്പ്ളിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്നിരുന്നു. സ്വരാജ് റൗണ്ട് പൊലീസ് നേരത്തേതന്നെ അടച്ചുകെട്ടി. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍ നിന്നാണ് ജനക്കൂട്ടം വെടിക്കെട്ട് കണ്ടത്. ശബ്ദനിയന്ത്രണവും വെടിമരുന്നിലെ കൂട്ടുകളും പെസോയുടെ നിർദേശപ്രകാരം കര്‍ശനമായി പാലിച്ചാണ് ഇരുകൂട്ടരും സാമ്പ്ൾ പൊട്ടിച്ചത്.

ആദ്യ ഘട്ടത്തെ വെടിക്കെട്ടിനു ശേഷം അമിട്ടുകളും വാനിൽ വിസ്മയം തീർത്തു. സാമ്പ്ളിന്‍റെ സംതൃപ്തിയിൽ കോവിഡ് അടച്ചിട്ട രണ്ട് പൂരങ്ങളുടെ കാലത്തെ മറന്ന് ഈ പൂരം പൊളിക്കുമെന്ന ഉറപ്പോടെ‍യാണ് ആസ്വാദകർ മടങ്ങിയത്.

വെടിക്കെട്ടിനായി നഗരമടച്ച് പൊലീസ്

തൃശൂർ: സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി‍യതിനെ തുടർന്ന് ഒരു വിഭാഗത്തിന്‍റെ വെടിക്കെട്ട് കഴിയുന്ന സാഹചര്യത്തിൽ ആ ഭാഗത്തേക്ക് നിശ്ചിത അളവിൽ ആളുകളെ പ്രവേശിപ്പിക്കാൻ ധാരണയായി. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം കേരള മേധാവി ഡോ. പി.കെ. റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മാധ്യമങ്ങളോടും വ്യക്തമാക്കി.

സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പ്ൾ വെടിക്കെട്ടിനായി നാലര മണിക്കൂറിലധികമാണ് എക്സ്പ്ലോസിവ് വിഭാഗത്തിന്‍റെ പരിശോധന നീണ്ടത്. വൈകീട്ട് ഏഴോടെ പാറമേക്കാവ് വിഭാഗത്തിന്‍റെയും എട്ടോടെ തിരുവമ്പാടിയുടെയും വെടിക്കെട്ട് തീരുമാനിച്ചെങ്കിലും എട്ടോടെയാണ് പാറമേക്കാവ് വിഭാഗത്തിന്‍റെ പരിശോധന പൂർത്തിയാക്കി വെടിക്കെട്ടിന് അനുമതി നൽകിയത്.

പെസോ നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ വെടിക്കെട്ട് നടത്തുകയുള്ളൂവെന്നും മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും പറഞ്ഞു.

സാമ്പിൾ വെടിക്കെട്ടിനായി വൈകീട്ട് നാലരയോടെ തന്നെ സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചുകെട്ടിയത് മറ്റു യാത്രക്കാരെയടക്കം ബുദ്ധിമുട്ടിലാക്കി.

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയർ ലൈനില്‍നിന്ന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികൾക്ക് അനുമതിയുള്ളൂ. 

Tags:    
News Summary - thrissur pooram sample vedikettu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.