തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സന്ദർശ നത്തിനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്റ്റാൻഡിനകത്തെ പൊളിഞ്ഞുകിടക്കുന്ന റോഡിലെ വെള്ളക്കെട്ടിന് സമീപം എത്തിയപ്പോൾ. മന്ത്രി കെ. രാജനെയും കാണാം. ഫോട്ടോ: ടി.എച്ച്. ജദീർ
തൃശൂർ: ഒടുവിൽ കുഴികളിൽനിന്ന് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് ശാപമോക്ഷം. 45 ദിവസത്തിനകം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പ്രധാന കെട്ടിടവും ഗാരേജും പൂർണമായും പൊളിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സ്റ്റാൻഡ് പൊളിച്ചു പണിയുന്ന കാലയളവിൽ താൽക്കാലിക സ്റ്റാൻഡ് ഇക്കണ്ട വാര്യർ റോഡിലുള്ള കോർപറേഷൻ സ്ഥലത്ത് പ്രവർത്തിക്കും. താൽകാലിക സ്റ്റാൻഡിന്റെ പണി ഉടൻ പൂർത്തിയാക്കും. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ. രാജനും ഗണേഷ് കുമാറും ബസ് സ്റ്റാൻഡും പരിസരവും സന്ദർശിച്ചു.
പുതിയതായി രണ്ട് സ്റ്റാൻഡുകളാണ് പണിയുക. തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് നിലവിൽ പഴയ ഗാരേജ് ഷെഡ് നിൽക്കുന്ന ഭാഗത്ത് സ്റ്റാൻഡ് പണിയും. സ്റ്റീൽ നിർമിതിയാകും ഇതിന് ഉണ്ടാകുക. കോഴിക്കോട് അടക്കമുള്ള മറ്റ് ഭാഗങ്ങളിൽനിന്നും വരുന്ന ബസുകൾക്ക് നിലവിലെ കെട്ടിടം ഉള്ള ഭാഗത്ത് നിർമിക്കുന്ന പുതിയ സ്റ്റാൻഡ് ആകും ഉപയോഗിക്കുക. നിലവിലുള്ളത് കൂടാതെ ബസ് സ്റ്റാൻഡ് പെട്രോൾ പമ്പിന് സമീപത്തുകൂടി പുതിയ ഒരു പ്രവേശന കവാടം കൂടി നിർമിക്കും. രണ്ട് പ്രവേശന കവാടങ്ങളും ബസുകൾ പുറത്തേക്കു പോകാൻ ഒരു വഴിയുമാകും ഉണ്ടാകുക. ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ കെ.എസ്.ആർ.ടി.സി എം.ഡി അടുത്ത ദിവസം അനുമതി നല്‍കും. തിങ്കളാഴ്ചക്ക് മുമ്പ് കെട്ടിടം പൊളിച്ചുമാറ്റാൻ ടെൻഡര്‍ വിളിക്കും. ടെൻഡര്‍ ഏറ്റെടുക്കുന്നവര്‍ 45 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കും. അല്ലാത്തപക്ഷം കരാറുകാരന് കെ.എസ്.ആർ.ടി.സിക്ക് പിഴ നല്‍കേണ്ടി വരും. ഇതിനുമുമ്പേ, ഇക്കണ്ട വാര്യര്‍ റോഡിലെ കോർപറേഷന്റെ നാലേക്കര്‍ സ്ഥലത്ത് താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് സജ്ജമാക്കും.
പുതിയ സ്റ്റാന്‍ഡ് നിർമിക്കാൻ പി. ബാലചന്ദ്രന് എം.എല്‍.എയുടെ നവകേരളം ഫണ്ടില്‍നിന്ന് ഏഴുകോടി രൂപയും എം.എല്‍.എ ഫണ്ടില്‍നിന്ന് 2.5 കോടി രൂപയും വിനിയോഗിക്കും. എം.എൽ.എ ഫണ്ടിൽ വിനിയോഗിക്കാത്ത ബാക്കി തുക കൂടി നവീകരണത്തിന് ഉപയോഗിക്കും. തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ആദ്യ നിലയില്‍ ഓപറേഷന് വിഭാഗം, കാന്റീന്, ശുചിമുറി സമുച്ചയം എന്നിവ പ്രവര്‍ത്തിക്കും. കോര്പറേഷന് സ്ഥലം അനുവദിക്കുന്നതിനനുസരിച്ച് പരമാവധി പുറകിലേക്ക് നീക്കിയാകും പുതിയ കെട്ടിടം നിര്‍മിക്കുന്നത്. രൂപരേഖ പി.ഡബ്ല്യു.ഡി തയാറാക്കും. ഇത് പ്രദർശിപ്പിച്ച് ചർച്ചകൾക്ക് ശേഷമാകും നിർമാണം. പഴയ ഗ്യാരേജ് നവീകരിക്കാനുള്ള തുകയും എം.എല്‍.എ ഫണ്ടില്‍നിന്ന് നല്‍കും.
സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള ഗ്യാരേജ് പൊളിച്ചുമാറ്റും. നിലവില്‍ പമ്പിന് അനുവദിച്ച സ്ഥലത്തുനിന്ന് കുറച്ച് തിരിച്ചെടുക്കും. കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകള്‍ക്കും തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നുവരുന്ന ബസുകള്‍ക്കും പ്രത്യേകം എന്ട്രന്സുകളാകും. രണ്ട് ബസ് സ്റ്റാന്ഡുകളിലാകും ഇവ പാര്‍ക്ക് ചെയ്യുക. ഇതിനിടയില്‍ വെയിറ്റിങ് ഏരിയ സ്ഥാപിക്കും. സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവിടെ ഇരിപ്പിടങ്ങളും ബസ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസ്േപ്ല ബോര്‍ഡും ഉണ്ടാകും. പി. ബാലചന്ദ്രൻ എം.എൽ.എ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിമാരെ അനുഗമിച്ചു.
തൃശൂർ: പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഒരുങ്ങുന്നതോടൊപ്പം റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെയും ബന്ധിപ്പിച്ച് ആകാശപ്പാത വരുന്നു. ട്രെയിൻ ഇറങ്ങുന്ന ആളുകൾക്ക് റെയിൽവേ സ്റ്റേഷന് ഉള്ളിൽനിന്നുതന്നെ ലഗേജും മറ്റുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങാൻ കഴിയുന്ന തരത്തിലാകും പാത വിഭാവനം ചെയ്യുക.
റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലും ആകാശപ്പാതകളിലേക്ക് കയറാൻ ലിഫ്റ്റുകളും സജ്ജീകരിക്കും. ഇതിന്റെ പ്രാഥമിക ചർച്ചകൾ തൃശൂർ കോർപറേഷനുമായി നടന്നതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലം പണിയാൻ കോർപറേഷൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശപ്പാത നിര്‍മാണത്തിന് സി.എസ്.ആര് ഫണ്ടുമായെത്തുന്ന സ്ഥാപനങ്ങളെയും സ്പോണ്സര്മാരെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.