തൃശൂർ: വർഷം ഒന്ന് കഴിഞ്ഞെങ്കിലും തൃശൂർ-കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റ് നിർമാണം ഒരു കിലോമീറ്റർ പോലും പൂർണമായി പൂർത്തിയാക്കാനായില്ല. 2022 ഫെബ്രുവരി 20ന് തുടങ്ങിയ പണി ഇപ്പോഴും ഇഴയുന്നതിനാൽ ജനം വലയുകയാണ്. അതിനൊപ്പം സാധാരണക്കാർ ആശ്രയിക്കുന്ന ബസും ഓട്ടോയും ഉൾപ്പെടെ വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങാനാവാത്ത സാഹചര്യമാണുള്ളത്.
ആദ്യം പണി തുടങ്ങിയ പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെ കോൺക്രീറ്റ് ചെയ്യുന്ന പണിയുടെ കാലാവധി മാർച്ച് 20ന് തീർന്നിരുന്നു. ഇവിടം കോൺക്രീറ്റ് പൂർത്തിയാക്കിയെങ്കിലും രണ്ടുഭാഗങ്ങളിൽ കട്ട വിരിക്കുന്ന ജോലി സാവധാനത്തിലാണ് നടക്കുന്നത്.
ഇരിങ്ങാലക്കുട നടവരമ്പ് അണ്ടാണിക്കുളം മുതൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷൻ വരെയുള്ള കോൺക്രീറ്റ് പണിയുടെ കാലാവധി ഈമാസം ആറിനും തീർന്നിരിക്കുന്നു. എന്നാൽ വെള്ളാങ്ങല്ലൂരിൽ ഒരുഭാഗം കോൺക്രീറ്റ്ചെയ്യുന്ന പണി പോലും പൂർത്തിയാക്കാനായിട്ടില്ല.
അതിനിടെ ഊരകം-ചെറിയ പാലം മേഖലയിൽ 600 മീറ്ററിനിടയിൽ മൂന്ന് കലുങ്കുകൾ പൊളിച്ച് നിർമിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്. ഇവിടെയെല്ലാം പണി ഇഴയുന്നതിനാൽ പ്രഹരം ജനത്തിന് തന്നെയാണ്. പൂച്ചുണ്ണിപാടം-ഊരകം റീച്ചിലാണ് അടുത്ത കോൺക്രീറ്റ് ജോലി നടക്കേണ്ടത്.
വെള്ളാങ്ങല്ലൂർ ഭാഗത്തെ പണിക്ക് പിന്നാലെ ഇവിടെ തുടങ്ങുമെന്നാണ് അറിയുന്നത്. അതിനിടെ വെള്ളാങ്ങല്ലൂർ മുതൽ കരൂപ്പടന്ന പാലം വരെയുള്ള നിർമിതിക്ക് പിന്നാലെ രണ്ടു മുഖ്യപാലങ്ങൾ പണിക്ക് തടസമായി നിലകൊള്ളുന്നുണ്ട്. പുല്ലൂറ്റ്, കരൂപ്പടന്ന പാലങ്ങൾ പുനർനിർമിക്കാതെ കോൺക്രീറ്റ് ജോലി നടത്തുന്നത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലാണ് കഴിഞ്ഞമാസത്തെ ആലോചനയോഗത്തിലെ തീരുമാനം.
പാലം പുനർനിർമാണത്തിന് ഫണ്ട് വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമയം വേണ്ടിവരും. ഈ മേഖലയിൽ മെക്കാഡം ടാറിങ് നടത്തി സർക്കാർ അനുമതി ലഭിക്കുന്ന പ്രകാരം പാലം പുനർനിർമാണവും കോൺക്രീറ്റിങും നടത്താമെന്ന ആലോചനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.