തൃശൂർ/അതിരപ്പിള്ളി : കനത്ത മഴയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കീഴിലുള്ള പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി 424.00 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ നിലവിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് നിരപ്പായ 421.00 മീറ്ററില്‍ എത്തിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ഡാമിന്റെ എല്ലാ ക്രെസ്റ്റ് ഗേറ്റുകളും തുറന്നു വെച്ചിരിക്കുകയാണെന്നും അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മഴയുടെ തോതും വെള്ളത്തിന്റെ അളവും കൂടുതല്‍ ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്‍കരുതലുകളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത്.
അധികജലം നിയന്ത്രിക്കുന്നതിന് സ്ലൂയിസ് ഗേറ്റുകളിലൊന്ന് തുറന്നു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നാട്ടിൻപുറങ്ങളിലെ തോടുകളിലെല്ലാം വെള്ളമുയർന്നിട്ടുണ്ട്. വനമേഖലയിലെ ചാർപ്പ, കണ്ണങ്കുഴി തോട്, പരിയാരത്തെ കപ്പ തോട്, ചാലക്കുടിയിലെ പറയൻതോട് എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളം ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ് ഒഴുകുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഇവിടെയെല്ലാം ശനിയാഴ്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് കലക്ടറുടെ നിർദേശപ്രകാരം പെരിങ്ങല്‍ക്കുത്ത് തുറന്നത്. ജലനിരപ്പ് 422.00 മീറ്റര്‍ എത്തുന്ന അടിയന്തര സാഹചര്യത്തില്‍ മാത്രം സ്ലൂയിസ് വാല്‍വുകളും ഘട്ടം ഘട്ടമായി തുറക്കാൻ അനുവാദം നൽകി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൻ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിറക്കി. ഡാമിലെ ജലനിരപ്പ് 421.00 മീറ്ററിലെത്തുമ്പോൾ വെള്ളം കവിഞ്ഞൊഴുകി പോകുന്ന നിലയിൽ ഡാമിന്റെ ഷട്ടറുകൾ നേരത്തെ തന്നെ ഉയർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാൽ ജലം നിയന്ത്രണാധീതമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അടിത്തട്ടിലെ സ്ലൂയിസ് ഗേറ്റ് തുറന്നത്.
ചാലക്കുടിപ്പുഴയിലെ തടയണകൾ നിറഞ്ഞ് കവിയുകയാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൂടുതൽ മഴ പെയ്തു. ശനിയാഴ്ച രാവിലെ വരെയുള്ള ഒരു ദിവസം മാത്രം അതിരപ്പിള്ളിൽ 160 എം.എം, പരിയാരത്ത് 100.3 എം.എം, ചാലക്കുടിയിൽ 106 എം.എം, കാടുകുറ്റിയിൽ 96.8 എം.എം, മേലൂരിൽ 81 എം.എം എന്നിങ്ങനെയുള്ള തോതിൽ മഴ പെയ്തു. ശനിയാഴ്ച ഇതിനെക്കാൾ ഉയർന്ന തോതിലാണ് മഴ പെയ്യുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ആറങ്ങാലി സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ 4.72 മീറ്റർ ഉയർന്നിട്ടുണ്ട്. മുന്നറിയിപ്പ് നിരപ്പ് 7.10 മീറ്റർ ആണ്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.