‘മരിച്ചവരോടും കരുണ കാണിക്കണം’; ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടമില്ല, പ്രതിഷേധം ശക്തം

ചാലക്കുടി: പോസ്റ്റ്മോർട്ടം ചെയ്യാൻ മടിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുന്ന ചാലക്കുടി താലുക്ക് ആശുപത്രി അധികൃതരുടെ നിലപാടിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുറച്ചു നാളുകളായി ഇത് ഒരു സ്ഥിരം ഏർപ്പാടാക്കി മാറ്റിയിരിക്കുകയാണ് ആശുപത്രി അധികൃതർ. സമീപകാലത്തായി ഇവിടെ എത്തുന്ന 90 ശതമാനത്തോളം കേസുകളും തൃശൂർക്ക് മടക്കുന്നതായാണ് പരാതി. ഇതു മൂലം മരിച്ചവരുടെ ബന്ധുക്കളടക്കം നിരവധി പേർ ദുരിതം അനുഭവിക്കുകയാണ്.

ഇവിടെ ഡോക്ടർമാരുടെ കുറവുണ്ട്. മണിക്കൂറുകളോളം മോർച്ചറിയിൽ കിടത്തിയ മൃതദേഹങ്ങൾ അവസാന നിമിഷമാണ് തൃശൂർക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുന്നത്. ബന്ധുക്കൾ വിശദീകരിച്ചാലും മരണത്തിന്റെ കാരണം എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്നുമാണ് ഇവരുടെ ന്യായവാദം. തൃശൂരിൽ എത്തിയാലും പിന്നെയും നീണ്ട ഊഴം പിന്നിട്ടാലേ പോസ്റ്റുമോർട്ടം ചെയ്തു ലഭിക്കൂ. പൊലീസ് സർജൻ ഇല്ലെന്നതാണ് ബന്ധപ്പെട്ടവർ കാരണമായി പറയുന്നത്. ഇതു മൂലം ചാലക്കുടി താലുക്ക് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ഒച്ചപ്പാടും പ്രതിഷേധവും പതിവായി മാറിയിരിക്കുകയാണ്. നഗരസഭയുടെ കീഴിലുള്ളതാണ് താലുക്ക് ആശുപത്രി. നഗരസഭ അധികൃതരും ജനപ്രതിനിധികളും, ഇടപെട്ടാലും പ്രശ്നത്തിന് പരിഹാരം ഉണ്ടാകാറില്ല.

ചാലക്കുടി താലുക്ക് ആശുപത്രി ജില്ലയിലെ തന്നെ സർക്കാർ തലത്തിലുള്ള പ്രധാനപ്പെട്ട ആതുരാലയമാണ്. നിരവധി ആധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയമായ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 140 കിലോമീറ്റർ അകലെയുള്ള മലക്കപ്പാറയിലെ ആദിവാസികളും തോട്ടം തൊഴിലാളികളുമടങ്ങുന്ന പാവപ്പെട്ടവർക്ക് ആശ്രയമാണ് ഈ സ്ഥാപനം. അവിടെ ഒരു മരണമുണ്ടായാൽ ഇത്രയും ദൂരം താണ്ടിയെത്തുന്നവരെ പിന്നെയും 35 കിലോമീറ്റർ അകലെയുള്ള തൃശൂരിലേക്ക് അയയ്ക്കുന്ന ക്രൂരവിനോദം പതിവായി മാറിയിരിക്കുന്നു. ബന്ധുക്കളുടെ പരാതിയും സങ്കടവും ഇവർക്ക് കാണാൻ കണ്ണില്ല. അധികൃതരുടെ നിലപാടുകൾ സാധാരണക്കാരെ വിഷമത്തിലാക്കുകയാണ്. താലുക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യണമെന്നും മരിച്ചവരോട് കരുണ കാണിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10 മുതൽ താലുക്ക് ആശുപത്രിക്ക് മുന്നിൽ സാമൂഹിക പ്രവർത്തകൻ ജയൻ ജോസ് പട്ടത്ത് നിരാഹാര സമരം നടത്തും.

Tags:    
News Summary - Outrage Over Chalakudy Hospital Referrals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.